KeralaNEWS

അസാധാരണമല്ല, മുമ്പ് 5 മിനിറ്റില്‍ പിരിഞ്ഞിട്ടുണ്ട്; നിയമസഭ 8 മിനിറ്റില്‍ പിരിഞ്ഞതില്‍ വിശദീകരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: ഇന്നലെ 8 മിനിറ്റില്‍ നിയമസഭാ നടപടികള്‍ അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സ്പീക്കര്‍ എം ബി രാജേഷ്. സഭാ നടപടി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനു തടസം നേരിട്ടത് കൊണ്ടാണ് ഇന്നലത്തെ നടപടി.

ചോദ്യോത്തര വേള തുടര്‍ന്ന് പോകാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് നിര്‍ത്തി വച്ചത്. മുന്‍പും സമാന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ ഇന്നലെ വേഗത്തില്‍ അവസാനിച്ചത് ചര്‍ച്ചയായതോടെയാണ് സ്പീക്കറുടെ വിശദീകരണം.

ബഹളം കാരണം നടപടി മുന്നോട്ട് കൊണ്ട്‌പോകാനായില്ല. 2013-ല്‍ 5 മിനുട്ട് കൊണ്ട് സഭ പിരിഞ്ഞിട്ടുണ്ട്. ഇന്നലത്തെത് അസാധാരണ നടപടി അല്ല. മുന്‍കാലങ്ങളിലും ഇത്തരം കീഴ് വഴക്കം ഉണ്ടെന്നിരിക്കെ അതൊന്നും കണക്കിലെടുക്കാതെ അസാധാരണ നടപടി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥ ഉണ്ടായി. അത് ശരിയല്ല. 10-ാം സഭയുടെ 14-ാം സമ്മേളനത്തിലും തുടര്‍ച്ചയായി സമാന സ്ഥിതി ഉണ്ടായി. കീഴ്‌വഴക്കം നോക്കാതെ അസാധാരണ നടപടി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചട്ടവും കീഴ്‌വഴക്കവും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത് കണക്കിലെടുത്ത് വേണം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനും ചര്‍ച്ചകള്‍ നടത്താനുമെന്നും സ്പ്ീക്കര്‍ വിമര്‍ശിച്ചു.

അതേസമയം, ഇന്നലെ പ്രതിപക്ഷം സീറ്റില്‍ ഇരിക്കുമ്പോള്‍ ആണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷം നടുത്തളതില്‍ ഇറങ്ങും മുന്‍പാണ് സഭ നിര്‍ത്തി വച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പീക്കറുടെ റൂളിങ്ങിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നെന്ന് മന്ത്രി രാജീവ് വിമര്‍ശിച്ചു.

Back to top button
error: