ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വിയേയും ആര്‍.സി.പി സിംഗിന്റേയും പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു.
ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിന്റേയും കാലാവധി നാളെ അവസാനിക്കുകയാണ്.
മുതിര്‍ന്ന ബിജെപി നേതാവായ നഖ്വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ജെഡി (യു) ക്വാട്ടയില്‍ നിന്നുള്ള മോദി മന്ത്രിസഭയിലെ മന്ത്രിയാണ് ആര്‍സിപി സിംഗ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരില്‍ ജെഡിയുവിന് ഉള്ളില്‍ ആര്‍സിപി സിംഗിനെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍നിന്നും രാജ്യസഭയില്‍ നിന്നും പാര്‍ട്ടി പിന്‍വലിക്കുന്നത്.
അതേസമയം മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗഗത്തില്‍ നിന്നുള്ളവരാണ്. മുസ്ലീം സമുദായത്തില്‍ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തില്‍ നിന്ന് ഒരാളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള എന്നിവരുടെ പേരുകള്‍ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമ്രീന്ദര്‍ സിംഗിന്റെ പേര് സിഖ് സമുദായ പ്രാതിനിധ്യം എന്ന നിലയില്‍ ചര്‍ച്ചയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ഉള്ളതിനാല്‍ ഭരണകക്ഷിക്ക് വിജയം ഉറപ്പാണ്. എങ്കിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരം ഉറപ്പാക്കാനാണ് സാധ്യത. ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജൂലൈ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.