ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല.
ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാന്‍ ആയില്ല. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും മഴ ശക്തമാണ്. മരം വീണ് മൂന്നു പേര്‍ മരിച്ചതോടെ തോട്ടങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടര്‍ നിരോധിച്ചു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കച്ചിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാനാണ് സാധ്യത.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഒപ്പം ഗുജറാത്ത് തീരം മുതല്‍ കര്‍ണ്ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഒഡീഷയ്ക്കും ഛത്തിസ്ഗഡിനും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.