തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് ഗുണമേന്‍മയുള്ള ചിക്കന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്.പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുൻപാണ് ഈ നേട്ടം.
പദ്ധതിയുടെ ഭാഗമായി ബ്രോയിലര്‍ ഫാമുകള്‍ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന വനിതകളും ഉല്‍പ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.79 ലക്ഷം കിലോ ചിക്കന്‍ ഈ കാലയളവില്‍ ഉത്പാദിപ്പിച്ച് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തി.
പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂര്‍ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലര്‍ ഫാമുകളും 94 ചിക്കന്‍ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നു.വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി.