കണ്ണൂർ: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. ഭക്തരും സഞ്ചാരികളുമടക്കം നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രമാണിത്. കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്ക്, വളപട്ടണം നദിക്കരയിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശൈവ- വൈഷ്ണവ സങ്കൽപ്പമായ മുത്തപ്പൻ ആണ് പ്രതിഷ്ഠ.
പ്രതിദിനം ക്ഷേത്രത്തിലും മറ്റ് വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലും എത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാൻ ഷീ ലോഡ്ജ് ഒരുങ്ങുന്നു. സുരക്ഷിത വിശ്രമ കേന്ദ്രം എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആന്തൂർ നഗരസഭയാണ് താമസസ്ഥലമൊരുക്കുന്നത്. പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിനോടുചേർന്ന, നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്.
ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമിറ്ററി, 40 ശുചിമുറികൾ, അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ നാല് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനാകുന്ന ഓപൺ ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. സ്പോർട്സ് കൗൺസിലുമായി ചേർന്ന് ജിംനേഷ്യവും തയാറാക്കുന്നുണ്ട്.
ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ചുരുങ്ങിയ തുക മാത്രം വാങ്ങിയാണ് സൗകര്യം ലഭ്യമാക്കുക. ജില്ലയിലെ പ്രധാന തീർഥാടന ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവ്, ധർമശാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എൻജിനീയറിങ് കോളജ് തുടങ്ങിയ ഇടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി എത്തുന്ന സ്ത്രീകൾക്ക് ഷീ ലോഡ്ജ് ആശ്വാസമാകും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ലോഡ്ജ് ഉടൻ നാടിന് സമർപ്പിക്കുമെന്ന് ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അറിയിച്ചു.