കൊവിഡ് തീര്‍ത്ത മഹാമാരി കാലത്തിനുശേഷം ആഘോഷത്തോടെ കുട്ടികള്‍ നാളെ മുതല്‍ സ്‌കൂളുകളിലേക്ക് എത്തുകയാണ്. 42ലക്ഷത്തില്‍പ്പരം കുഞ്ഞുങ്ങളാണ് നാളെ സ്‌കൂളുകളിലേക്ക് എത്തുക. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ആഘോഷിക്കാവുന്ന ദിനമാണ് നാളെ. ഒട്ടനവധി പദ്ധതികളും പരിപാടികളും അത്യാധുനിക സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളുമാണ് കുട്ടികളെ കാത്തിരിക്കുന്നത്.സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സജ്ജമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടു. വിദ്യാഭ്യാസ വകുപ്പ് ഇതിനായി മാര്‍ഗരേഖ ഇറക്കിയിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും അവധിക്കാല ട്രെയിനിംഗ് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 98% സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം.