NEWS

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സ്വര്‍ണവിലയുള്ളത്. ഏപ്രിലിലെ സ്വര്‍ണവില അവലോകനം നടത്തുകയാണെന്നുണ്ടെങ്കില്‍ ഈ മാസം സ്വര്‍ണ വില നിരവധി തവണ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ട് ദിവസം മാത്രമാണ് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായത്. ബാക്കിയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്ന കാഴ്ചയാണ് കാണാനായത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്ന് വില കുറച്ചത് എന്ന് എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. അക്ഷയ തൃതീയയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വര്‍ണവിലയിലുണ്ടായ വന്‍ ഇടിവ് വിപണിയെ സജീവമാക്കും എന്ന് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.

ഏപ്രില്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38480 രൂപയായിരുന്നു. രണ്ടാം തിയതി ഇതേ വിലയില്‍ തന്നെ മാറ്റമില്ലാതെയാണ് സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഏപ്രില്‍ മൂന്ന് മുതല്‍ സ്വര്‍ണവില കുറയുകയായിരുന്നു. ഏപ്രില്‍ മൂന്നിന് 120 രൂപയുടെ കുറവോടെ സ്വര്‍ണവില ഒരു പവന് 38360 രൂപയായി കുറഞ്ഞു. ഏപ്രില്‍ നാലിനും 120 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഏപ്രില്‍ നാലിലെ സ്വര്‍ണവില 38240 രൂപയായി. ഏപ്രില്‍ അഞ്ചിനും ആറിനും വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ഏപ്രില്‍ ഏഴിന് സ്വര്‍ണവില ഉയര്‍ന്നു. 160 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38400 രൂപയായി വിപണി വില. ഏപ്രില്‍ എട്ടിന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 38600 രൂപയായി. ഏപ്രില്‍ ഒന്‍പതിന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഏപ്രില്‍ ഒന്‍പതിന് 38880 രൂപയ്ക്കാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഏപ്രില്‍ പത്തിനും പതിനൊന്നിനും സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ പന്ത്രണ്ടിന് വീണ്ടും 320 വര്‍ധിച്ച് സ്വര്‍ണവില 39200 രൂപയിലെത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണം പതിമൂന്നിന് 280 രൂപയുടെ വര്‍ധനവോടെ സ്വര്‍ണവില 39480 രൂപയായി. ഏപ്രില്‍ 14 ന് വിഷു ഈസ്റ്റര്‍ വിപണിയില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 39640 രൂപയായി. പിന്നീട് പതിനഞ്ച് പതിനാറ് പതിനേഴ് തീയതികളില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ ഏപ്രില്‍ പതിനെട്ടിന് 240 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില കുതിച്ചു. ഏപ്രില്‍ പത്തൊന്‍പത്തിന് ഈ വിലയില്‍ മാറ്റമില്ലാതെ 39880 രൂപയില്‍ തന്നെ വ്യാപാരം തുടര്‍ന്നു.

ഏപ്രില്‍ 20 ന് 560 രൂപയുടെ കുത്തനെയുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39320 രൂപയിലെത്തി നിന്നു. എന്നാല്‍ അടുത്ത ദിവസം, ഏപ്രില്‍ 21 ന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില 39440 രൂപയിലെത്തി. ഇതേ വിലയില്‍ തന്നെയാണ് ഏപ്രില്‍ 22 നും കച്ചവടം നടന്നത്. എന്നാല്‍ അതിനു ശേഷം കുത്തനെയുള്ള ഇടിവിനാണ് സ്വര്‍ണ വിപണി സാക്ഷ്യം വഹിച്ചത്. ഏപ്രില്‍ 23 ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 39200 രൂപയായി. ഇതേ വിലയില്‍ തന്നെയാണ് 24 നും 25 നും വിപണനം നടന്നത്. ഏപ്രില്‍ 26 ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38760 രൂപയായി. 27 ന് ഇതേ വിലയില്‍ വിപണനം തുടര്‍ന്നു. 28 ന് 360 രൂപ കുറഞ്ഞ് 38400 രൂപയിലെത്തി. എന്നാല്‍ ഏപ്രില്‍ 29 ന് ഇന്നലെ 440 രൂപ വര്‍ധിച്ച് 38840 രൂപയായി. ഇന്ന് പതിവില്‍ നിന്നും വ്യത്യസ്തമായി രണ്ട് തവണ സ്വര്‍ണ വില കുറഞ്ഞു. ആദ്യം 120 രൂപയുടെ കുറവാണ് ഉണ്ടായത്. പിന്നീട് 800 രൂപ കുറഞ്ഞ് 37920 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണവിലയെത്തി. ഇതോടെ ഇന്ന് ഒരു ദിവസംകൊണ്ട് സ്വര്‍ണവിലയില്‍ 920 രൂപയുടെ കുറവാണ് ഉണ്ടായത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്.

 

Back to top button
error: