വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്
തിരുവനന്തപുരം: രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന വൈദ്യുതി ഡിമാന്റ് വർദ്ധന കൊണ്ടും, കല്‍ക്കരി ക്ഷാമം മൂലം താപ വൈദ്യുതിയുടെ കുറഞ്ഞ ഉൽപാദനം കൊണ്ടും 10.7 ജിഗാവാട്ടിന്റെ ഉൽപാദനക്കുറവ് നേരിടുന്നുണ്ട്. ഇതിന്റെ ഫലമായി 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പവര്‍ എക്സ്ചേഞ്ചുകളില്‍ 24 മണിക്കൂറും പരമാവധി നിരക്കിലാണ് വൈദ്യുതിയുടെ വില്‍പ്പന നടക്കുന്നത്.
വൈദ്യൂതി ഉല്‍പാദകര്‍, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍, വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും വിവേചനമില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് 2003 ലെ വൈദ്യുതി നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇപ്രകാരം വൈദ്യുതി ഉല്‍പാദകര്‍, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍ വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും ഉപയോഗിച്ച് വിവിധ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനെയാണ് ഓപ്പണ്‍ ആക്സസ് സംവിധാനം എന്നു വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നിരവധി വന്‍കിട ഉപഭോക്താക്കള്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ, കമ്പോളത്തില്‍ വൈദ്യുതി വില കുതിച്ചുയരുകയും വൈദ്യുതിയുടെ ലഭ്യത കുറയുകയും ചെയ്തതോടെ, ഈ ഉപഭോക്താക്കള്‍ കൂട്ടത്തോടെ KSEBL ന്റെ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ വൈദ്യുതിയ്ക്ക് വില കുറവാണെന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി നിയന്ത്രണവും കേരളത്തില്‍ കുറവാണ്, ഈ ഘടകങ്ങളാണ് വന്‍കിട ഉപഭോക്താക്കളെ ആകര്‍ഷിച്ചതെന്ന് കരുതുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വൈദ്യുതി ആവശ്യകതയില്‍ 125 മേഗാവാട്ടിന്റെയും ഉപഭോഗത്തില്‍ 2.44 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുമാണ് വന്‍കിട ഉപഭോക്താക്കളുടെ തിരിച്ചുവരവിലൂടെ സംസ്ഥാനത്തുണ്ടായത്.