NEWS

തൃശൂർ പൊലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്

തിരുവനന്തപുരം: ഉഴപ്പും ദുശ്ശീലങ്ങളും ട്രെയിനി പൊലീസുകാരിലേക്കും പകരുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നു തൃശൂർ പൊലീസ് അക്കാദമി (കെപ്പ)യിൽ നിന്ന് 73 പരിശീലകരെ തിരിച്ചയയ്ക്കാൻ നിർദേശം.പകരം പൊലീസിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസവും വ്യക്തിത്വവും അവതരണ മികവുമുള്ള അത്രയും തന്നെ പേരെ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്തി നിയമിക്കാനാണ് നിർദ്ദേശം.
പൊലീസിന്റെ സ്പെഷൽ വിഭാഗങ്ങളിൽ 5 വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്തു സർവീസ് പാടില്ലെന്നാണു മാനദണ്ഡം. എന്നാൽ ‘കെപ്പ’യിൽ 20 വർഷം വരെ സർവീസുള്ളവരുണ്ട്. സിവിൽ പൊലീസ് ഓഫിസർ മുതൽ എസ്ഐ വരെയുള്ളവരുടെ പരിശീലനം നടക്കുന്ന കെപ്പയിൽ നിന്നു പരിശീലകരെപ്പറ്റി കുറെ നാളുകളായി പൊലീസ് ആസ്ഥാനത്തു പരാതികൾ ലഭിക്കുന്നുണ്ടായിരുന്നു. ട്രെയിനികൾക്കു മുന്നിലിരുന്നു മദ്യപാനം, പരേഡിനും പരിശീലനത്തിനും വരാതെ ബാരക്കിൽ കിടന്നുറങ്ങുന്നു തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. തുടർന്ന് 23 സീനിയർ പൊലീസ് ഓഫിസർമാർ, 50 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരെയാണു തങ്ങളുടെ മാതൃസ്റ്റേഷനുകളിലേക്കും യൂണിറ്റുകളിലേക്കും തിരിച്ചയച്ച് അടിയന്തര ഉത്തരവിറങ്ങിയത്.
രാവിലെ ഗ്രൗണ്ടിൽ 10 ട്രെയിനികൾക്ക് 2 പരിശീലകർ എന്നതാണു കണക്ക്. എന്നാൽ. പല പരിശീലകരും ഗ്രൗണ്ടിൽ എത്താറില്ലെന്നും മൂന്നും നാലും സ്ക്വാഡുകൾക്ക് ഒരു പരിശീലകനെ വിട്ടു ബാക്കിയുള്ളവർ ‘ഉഴപ്പി’ നടക്കുകയാണെന്നും റിപ്പോർട്ട് ‘കെപ്പ’യിൽ നിന്നു പൊലീസ് ആസ്ഥാനത്തേക്കു പോയിരുന്നു.

Back to top button
error: