KeralaNEWS

ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളി കോട്ട

ബംഗളുരു നഗരത്തിലെ ചരിത്ര ഇടങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി, അധികമൊന്നും അറിയപ്പെടാത്ത ഒരു ഇടമാണ് ദേവനഹള്ളി കോട്ട.മൈസൂർ കടുവയായി, ഭരണാധികാരികളെയും ബ്രിട്ടീഷുകാരെയും ഒരുപോല പേടിപ്പിച്ച ടിപ്പു സുൽത്താൻ ജനിച്ചത് ഇവിടെയാണ്.ചരിത്രത്തോട് ഇത്രയൊക്കെ ചേർന്നു നിൽക്കുന്ന ഇടമാണെങ്കിലും ബംഗളൂരുകാർക്ക് പോലും ഈ നാടിനെ ശരിക്കും അറിയില്ല എന്നതാണ് സത്യം.
അവസാന ശ്വാസം വരെയും പൊരുതി നിന്ന് പോരാടിയ ടിപ്പു സുൽത്താൻ എന്ന പോരാളി ജന്മമെടുത്ത ദേവനഹള്ളിയെക്കുറിച്ച് അറിയാം…
ബംഗളൂരു നഗരത്തിൽ നിന്നും ഏകദേശം 40 കിലോമീറ്ററോളം അകലെ, എയർപോർട്ട് റോഡിലൂടെ സഞ്ചരിച്ചാണ് ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളിയിലെത്തേണ്ടത്. 20 ഏക്കർ സ്ഥലത്തായാണ് കോട്ട സ്ഥിതി ചെയ്യുന്നത്.ആവധിയിലെ മല്ല ബൈരേ ഗൗഡയാണ് തന്റെ സമുദായത്തെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനായി ഒരു കോട്ട ഇവിടെ നിർമ്മിക്കുന്നത്.1501 ൽ നിർമ്മിച്ച കോട്ടയുടെ ഭരണം പതിനെട്ടാം നൂറ്റാണ്ടുവരെ അദ്ദേഹത്തിന്റെ ആളുകളായിരുന്നു നടത്തിയിരുന്നത്.പിന്നീടാണ് കോട്ടയുടെ ചരിത്രം മാറിമറിയുന്നത്. 1791 ൽ മൈസൂർ ദളവയായിരുന്ന നൻജരാജിയ ഇവിടം കീഴടക്കി. പിന്നീട് പിന്തുടർച്ചക്കാർ വഴി ടിപ്പു സുൽത്താന്റെ പിതാവായിരുന്ന ഹൈദരലിയിലേക്ക് വരുകയും ടിപ്പു ഇവിടെ ജനിക്കുകയും ചെയ്തു. പിന്നീട് ഇവിടം ബ്രിട്ടീഷുകാർ സ്വന്തമാക്കുകയായിരുന്നു.
ടിപ്പു സുൽത്താന്റെ ജന്മസ്ഥലമല്ലേ, അതൊരു കൊട്ടാരമായിരിക്കും എന്നു പ്രതീക്ഷിച്ചു ചെന്നാൽ ചിന്തകൾ പാടേ തെറ്റും.കോട്ടയ്ക്കുള്ളിൽ കുറച്ചങ്ങ് നടന്നാൽ ടിപ്പുവിന്‍റെ ജന്മസ്ഥലം എന്നെഴുതിവെച്ചിരിക്കുന്ന ബോർഡും വർഷവും മാത്രമേ കാണുവാനുള്ളൂ.
ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിത പ്രദേശമാണ് ഇത്.
പതിനഞ്ചാം നൂറ്റാണ്ടിലാണ് ദേവനഹള്ളിയുടെ ചരിത്രം തുടങ്ങുന്നത്.ഇന്നത്തെ കാഞ്ചീപുരത്തു നിന്നും ഇവിടെ എത്തിയ ഒരു കുടുംബം നന്ദി ഹിൽസിനു താഴെയുള്ള രാമസ്വാമി ബേട്ടയിൽ താമസമാക്കി.അവരുടെ നേതാവായിരുന്ന റാണാ ബൈരെ ഗൗഡയുടെ ആഗ്രഹപ്രകാരം ഒരു കൂട്ടമായി അവർ അവിടെ താമസമാരംഭിച്ചു.ഇന്ന് ആവതി എന്നറിയപ്പെടുന്ന ഒതി ഗ്രാമത്തിലായിരുന്നു അവർ തങ്ങളുടെ ഗ്രാമത്തെ നിർമ്മിച്ചത്. അദ്ദേഹത്തിന്റെ മകനായിരുന്ന മല്ലാ ബൈരെ ഗൗഡയാണ് ഇന്നത്തെ ദേവനഹള്ളി, ചിക്ക ബല്ലാപുര, ദോഡ്ഡ ബല്ലാപുര തുടങ്ങിയ ഇടങ്ങൾ സ്ഥാപിക്കുന്നത്.ബംഗളുരു നഗരത്തിന്റെ സ്ഥാപകനായിരുന്ന കെംപഗൗഡയും ഇവരുടെ കുടുംബത്തിൽ നിന്നുമുള്ളയാളാണ്.
പിന്നീട് പല ഭരണാധികാരികളിലൂടെയും ഇവിടം കടന്നു പോയി.ശേഷം വിജയനഗര രാജാക്കന്മാരുടെ കാലത്താണ് മല്ല ബൈരെ ഇവിടെ മണ്ണുകൊണ്ട് ഒരു കോട്ട നിർമ്മിക്കുന്നത്.അതുകഴിഞ്ഞ് മൈസൂർ വോഡയാർമാരുടെ കമ്മാൻഡ് ആയിരുന്ന നൻജ രാജ ഇവിടം കീഴടക്കുകയും ഇത് ഹൈദരാലിയിലും തുടർന്ന് ടിപ്പു സുൽത്താനിലും എത്തുകയായിരുന്നു.
ബംഗളൂരുവിലെ ഏതു കോട്ടയുടെ ചരിത്രം നോക്കിയാലും ധാരാളം ക്ഷേത്രങ്ങൾ കോട്ടകൾക്കുള്ളിൽ കാണുവാൻ കഴിയും. ഇവിടെയും സ്ഥിതി തീരെ വ്യത്യസ്തമല്ല.ഏറ്റവും പഴക്കമുള്ള വേണുഗോപാല സ്വാമി ക്ഷേത്രമാണ് ഇതിൽ ഏറ്റവും പ്രധാനം. അതു കൂടാതെ കോട്ടയ്ക്കുള്ളിലെ ഗരുഡ സ്തംഭവും രാമായണത്തിലെയും കൃഷ്ണന്‍റെ ജീവിതത്തിലെയും പ്രധാന സംഭവങ്ങൾ കൊത്തിവെച്ചിരിക്കുന്ന കൊത്തുപണികളും വിഗ്രഹങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

Back to top button
error: