പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് സംഘടിപ്പിച്ച മട്ടുപ്പാവ് കൃഷിയ്ക്കുള്ള സംസ്ഥാന അവാർഡിന്റെ മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിലുള്ള പ്രിയ പി നായർക്ക് ലഭിച്ചു.പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം, കണമുക്ക് സ്കുളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ അദ്ധ്യാപികയായ പ്രിയ പി നായരാണ് അദ്ധ്യാപനത്തിലും ജൈവ പച്ചക്കറി കൃഷിയിലും ഒരുപോലെ മാത്യകയാകുന്നത്.
ഭിന്നശേഷിക്കാരായ തൻ്റെ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നയിക്കുന്നതിനായാണ് പ്രിയ ടീച്ചർ മറ്റ് കുട്ടികൾക്കൊപ്പം അവരെയും ചേർത്ത് ജൈവ പച്ചക്കറി ക്യഷി ആരംഭിക്കുന്നത്. പിന്നീട് തൻ്റെ വിദ്യാർത്ഥികൾ എന്ന പോലെ പച്ചക്കറി കൃഷിയും പ്രിയ ടീച്ചർക്ക് ജീവിതത്തിൻ്റെ തന്നെ ഭാഗമാവുകയായിരുന്നു.സ്കൂൾ അങ്കണത്തിലും വീട്ടുവളപ്പിലും സ്ഥലം തികയാതെ വന്നതോടെയാണ് മട്ടുപ്പാവ് കൃഷിയുടെ സാധ്യതകളും പ്രിയ ടീച്ചർ പ്രയോജനപ്പെടുത്തിയത്. അയിരൂർ ഗ്രാമ പഞ്ചായത്ത് അംഗമായ മാതാവ് അമ്പിളിയും പിതാവ് പ്രഭാകരൻ നായരും ഭർത്താവ് ടിജു ശങ്കർ, മക്കളായ ശിവാനി, ലഷ്മി, ജാനകി എന്നിവരും പിൻതുണയുമായെത്തിയതോടെ നമ്മുടെ കാലാവസ്ഥയിൽ വളരാൻ മടിക്കുന്ന സവാള, കാബേജ്, കോളിഫ്ലവർ, കാരറ്റ്, കുക്കുമ്പർ, പാലക്ക്, ബിറ്റ്റൂട്ട്, കൂടാതെ കോവൽ ,തക്കാളി, വിവിധ ഇനം പയർ ,വഴുതനങ്ങ തുടങ്ങിയ പച്ചക്കറി ഇനങ്ങളും നൂറ് മേനി വിളവുമായി ടീച്ചറുടെ മട്ടുപ്പാവിൽ പുഞ്ചിരി തൂകി.
പച്ചക്കറിക്ക് പുറമേ നീലക്കൊടുവേലി, ദശപുഷ്പ്പങ്ങൾ, കൻമ്മദം , ചെമ്പകം, ദേവതാരു, വ്യത്യസ്തയിനം തുളസി ചെടികൾ, ഗുലു ഗുലു, സമുദ്രപ്പച്ച, നീലയമരി, പാരിജാതം തുടങ്ങിയ അപൂർവ്വ ഇനം ഔഷധസസ്യങ്ങളും ടീച്ചറുെ വളപ്പിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. പരമ്പരാഗത കൃഷിരീതിക്കൊപ്പം ആധുനിക അറിവുകളും സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചുള്ള കുഷിരീതിയാണ് ടീച്ചർ അവലംബിക്കുന്നത്. ജൈവ കീടനാശനികളും ജൈവ വളവും മാത്രമാണ് തൻ്റെ കൃഷിയിടങ്ങളിൽ പ്രിയ ടീച്ചർ ഉപയോഗിക്കാറുള്ളത്. മറ്റ് അദ്ധ്യാപകർക്കും പൊതു സമൂഹത്തിനും മാത്യകയായ ടീച്ചറെ തേടി നിരവധി അംഗീകാരങ്ങളും ആദരവുകളും ഇതിനകം എത്തിക്കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ മട്ടുപ്പാവ് കൃഷി വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും അയിരൂർ പഞ്ചായത്തിലെ യുവ കർഷകശ്രീ അവാർഡും നേടിയ ടീച്ചറുടെ പ്രയത്നത്തിൻ്റെ ഫലമായി നാരങ്ങാനം ഹൈസ്ക്കുളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് കർഷ കോത്തമ പുരസ്കാരവും മാതൃഭുമി സീഡിൻ്റെ ഹരിത വിദ്യാലയ പുരസ്കാരവും ലഭിച്ചു.കാർഷിക രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ടീച്ചറെ ആദരിച്ചു.മാതൃഭുമി സീഡിൻ്റെ മികച്ച ഹരിത കോ- ഓഡിനേറ്റർ പുരസ്കാരവും അടുത്തിടെ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.