കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിന്റെ കുടുംബചിത്രം കവര്‍പേജ് ആയിട്ടുള്ള ‘വനിത’ മാഗസിൻ പുറത്തിറങ്ങിയത്. എന്നാല്‍ ഇതിനു പിന്നാലെ സോഷ്യല്‍മീഡിയ വഴി വ്യാപക വിമര്‍ശനമാണ് ഉയർന്നത്. നടിയെ ആക്രമിച്ച കേസിൽ തുടര്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഫോട്ടോ കവര്‍പേജ് ആയി വന്നതിനെതിരെയായിരുന്നു വിമര്‍ശനം. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറും ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
‘വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുമ്പോഴാണ് ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയെ ആഘോഷിക്കുന്നതെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ഹരി മോഹന്‍ പറഞ്ഞു.
‘സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുന്നു. അക്കാര്യം പറഞ്ഞ് അവരിട്ട ഒരു പോസ്റ്റില്‍ കുറെയാളുകള്‍ ചിരിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ലൈംഗികമായി ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട, അതില്‍ ജയിലില്‍ കിടന്ന, ഇപ്പോഴും വിചാരണ നേരിടുന്ന ഒരു പുരുഷന്‍ സമൂഹത്തില്‍ ഇന്നും ആഘോഷിക്കപ്പെടുന്നു. വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ മാധ്യമങ്ങള്‍ അയാളെക്കുറിച്ച് ഉപന്യാസങ്ങള്‍ രചിക്കുന്നു. കേരളമാണ്. എന്തോ പ്രബുദ്ധതയൊക്കെയുള്ള നാടാണത്രെ. തേങ്ങയാണ്,’ ഹരി മോഹന്‍ ഫേസ്ബുക്കില്‍ എഴുതി.