പത്തനംതിട്ട :കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോയിപ്രം കടപ്ര സ്വദേശി ശശിധരന്‍ പിള്ളയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം .
അതേസമയം,സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. കടപ്ര കരിയിലമുക്കില്‍ പമ്പയാറിന്റെ കൈവഴിയായ വരാല്‍ച്ചാലിന് സമീപമുള്ള പറമ്പില്‍ ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.