ചിലതെല്ലാം ശരിയായി – അഴിമതിക്കുള്ള വഴി അടച്ചു; അഡ്വ. ഹരീഷ് വാസുദേവന്‍
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ എല്ലാം PRD വഴിയോ പരസ്യം വഴിയോ അറിയാറുള്ളത് കൊണ്ട് വിമർശനങ്ങൾ മാത്രം പങ്കുവെച്ചിരുന്ന ഹരീഷ് വാസുദേവന്‍ ഇപ്പോഴിതാ സര്‍ക്കാര്‍ ചെയ്ത നല്ലകാര്യത്തെക്കുറിച്ച് തെളിവ് സഹിതം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ചെയ്ത നല്ലകാര്യത്തെക്കുറിച്ച് തെളിവ് സഹിതം പങ്കുവെച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.
സർക്കാർ ഭൂമിയിലുള്ള കോടിക്കണക്കിനു രൂപയുടെ പാറ വിഭവം നിസ്സാര തുക സീനിയറേജ് അടച്ചു ക്വാറി മുതലാളിമാർക്ക് രഹസ്യമായ മാർഗ്ഗത്തിൽ പതിച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു.
കാലാകാലങ്ങളായി നൂറുകണക്കിന് കോടി രൂപയുടെ പാറ വിഭവമാണ് ഇത്തരത്തിൽ ലേലമില്ലാതെ ചുരുങ്ങിയ വിലയ്ക്ക് കൊടുത്തുകൊണ്ടിരുന്നത്. പാറ ഖനനത്തിനു അപേക്ഷിച്ച സർക്കാർ ഭൂമി മണ്ണിടിച്ചിൽ മേഖല ആണോ എന്നുപോലും നോക്കാറില്ല. ഇക്കാര്യം 2015 ൽ CAG ചൂണ്ടിക്കാട്ടി. പരസ്യ ലേലത്തിലൂടെ പൊതുവിഭവത്തിന് പരമാവധി വിലയ്ക്കെ നൽകാവൂ എന്നും first come firs serve മോഡലിൽ നൽകരുത് എന്നും നിർദ്ദേശം ഉണ്ടായിരുന്നു. ഈ മേഖലയിൽ അഴിമതി നിലനിന്നിരുന്നു.
പുറമ്പോക്കിൽ NOC കൊടുക്കുന്ന കാര്യത്തിൽ മാനദണ്ഡങ്ങൾ / നയം രൂപീകരിക്കാൻ ഈയിടെ ബഹു.ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുറമ്പോക്ക് പാറ ഭൂമിയിൽ ഇനി NOC ക്ക് അപേക്ഷിക്കുന്നവർ ഹെക്ടർ ഒന്നിന് 10 ലക്ഷം രൂപ തോതിൽ അപേക്ഷകർ കെട്ടി വെയ്ക്കണം. പരസ്യവും സുതാര്യവുമായ ലേലത്തിൽ പങ്കെടുക്കണം. 10 ലക്ഷം മുതൽ മേലോട്ട് കൂടുതൽ തുക വിളിക്കുന്നവർക്ക് മാത്രം ഖനന അനുമതി നൽകും. Online ആണ് ലേലം. മണ്ണിടിച്ചിൽ പ്രദേശമായി ദുരന്ത നിവാരണ വകുപ്പ് കണ്ടെത്തിയ സ്ഥലങ്ങളിൽ അനുമതി നിഷേധിക്കണം. എത്ര ടണ്ണാണ് അനുമതി നൽകിയത് അത്രയേ ഖനനം നടത്തുന്നുള്ളൂ എന്നും റവന്യു ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആണ് ഉത്തരവ് ഇറക്കിയത്.
പാറഖനനം പൊതുമേഖലയിൽ മാത്രമാക്കും എന്നായിരുന്നു LDF പ്രകടന പത്രിക. വ്യവസായ വകുപ്പിന് അത് സാധിച്ചില്ലെന്നു മാത്രമല്ല, സ്വകാര്യ ഭൂമിയിൽ ഇളവുകൾ അനുവദിക്കുകയും ചെയ്തു. എങ്കിലും പതിറ്റാണ്ടുകളായി നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പും അഴിമതിയും നിലനിന്നിരുന്ന പുറമ്പോക്ക് പാറഖനന മേഖല ഈ ഉത്തരവോടെ പൊതുജന താല്പര്യത്തിനു അനുകൂലമാക്കി എന്നു നിസ്സംശയം പറയാം. റവന്യു വകുപ്പിന്റെ ഈ തീരുമാനത്തിന് പിന്നിൽ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശക്തമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണ്. LDF സർക്കാരിനും മുഖ്യമന്ത്രിക്കും, വിശിഷ്യാ റവന്യു വകുപ്പ് മന്ത്രി ശ്രീ.ചന്ദ്രശേഖരനും അഭിനന്ദനങ്ങൾ.