അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച വാക്സിനുകള്‍ 100 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കില്‍ ഒരിക്കലും അനുമതി നല്‍കില്ല. വാക്സിനുകള്‍ 100 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലര്‍ജി എന്നിവ പോലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഏതു വാക്സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്സിനെടുക്കുന്നവര്‍ക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്.- സോമാനി പറഞ്ഞു.
അതേസമയം, കോവിഡ് വാസ്കിന് സ്വീകരിച്ചാല്‍ ഷണ്ഡത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അശുതോഷ് സിന്‍ഹ പറഞ്ഞിരുന്നു. താന്‍ വാക്സിന് സ്വീകരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം കോവിഡ് വാക്സിനെ സംബന്ധിച്ച അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. രാവിലെ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകിയതായി ഡിജിസിഐ അറിയിച്ചത്.
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിന് അനുമതി നൽകാൻ വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗം ശുപാർശ ചെയ്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവാക്സിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശുപാർശ ചെയ്തു.
കോവിഷീൽഡിന് വ്യാപക ഉപയോഗത്തിലുള്ള അനുമതിയും കോവാക്സിന് നിയന്ത്രിത അനുമതിയുമാണ് നൽകുക എന്നാണ് വിവരം. കാഡില ഹെൽത് കെയറിന്റെ തദ്ദേശിയ വാക്സിൻ സൈക്കോവ് ഡിയുടെ മൂന്നാം ഘട്ട പരീക്ഷണത്തിനും വിദഗ്ധ സമിതി അനുമതി നൽകി.