കാഞ്ഞങ്ങാട്: വിവാഹ ബസ് വീടിനുമുകളില്‍ മറിഞ്ഞ് കര്‍ണാടക സ്വദേശികളായ ഏഴുപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു
അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചു. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാണത്തൂര്‍ പരിയാരത്ത് ഞായറാഴ്ച ഉച്ച പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കര്‍ണ്ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ബസിനടിയില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ബസ്സില്‍ 50ലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.