NEWS
ബാബാ ആംതെയുടെ കൊച്ചുമകള്‍ മരിച്ച നിലയില്‍
മുംബൈ: സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതെയുടെ കൊച്ചുമകള്‍ മരിച്ച നിലയില്‍. സാമൂഹികപ്രവര്‍ത്തക കൂടിയായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബാബാ ആംതെയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ.ശീതള്‍. കുഷ്ഠരോഗികളെ പരിപാലിക്കുന്നതിനു വേണ്ടിയുള്ള സംഘടനയായ മഹാരോഗി സേവാ സമിതിയുടെ സിഇഒയായി പ്രവര്‍ത്തിക്കുകയായിരുന്ന ശീതള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥയായിരുന്നെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
ഒരാഴ്ച മുന്‍പ് ശീതള്‍ മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളുടെ കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നതായും എന്നാല്‍ രണ്ടു മണിക്കൂറിനുശേഷം പിന്‍വലിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.