പി.ഡബ്‌ളിയു.സിയെ വിലക്കിയ നടപടി: പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പ്രോജക്ടുകളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ (പി.ഡബ്‌ളിയു.സിയെ) വിലക്കിയതോടെ ഇത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കണ്‍സള്‍്ട്ടന്‍സി രാജിനെതിരെ ആക്ഷേപമുന്നയിച്ചപ്പോള്‍ പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വന്‍പദ്ധതികളെന്ന് പേരില്‍ സര്‍ക്കാര്‍ കൊണ്ടു വന്നതെല്ലാം കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനുള്ള മറ മാത്രമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നത്. അത് ശരിയാണെന്നാണ് സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നത്.
കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ച് പിന്‍വാതിലിലൂടെ വന്‍ തോതിലാണ് അനധികൃത നിയമനങ്ങള്‍ നടത്തിയിരുന്നത്. സ്‌പേസ് പാര്‍ക്കിലെ നിയമനങ്ങളില്‍ വിദ്യാഭ്യാസ യോഗത ഉള്‍പ്പടെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ പരിശോധന നടത്തിയില്ല എന്ന് സര്‍ക്കാരും സമ്മതിച്ചിരിക്കുകയാണ്. ആ നിലയ്ക്ക് പി.ഡബ്‌ളിയു.സിയെ വിലക്കിയതു കൊണ്ടു മാത്രം കാര്യമാവില്ല. കണ്‍സള്‍ട്ടന്‍സികള്‍ വഴി നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും പരിശോധിക്കുകയും റദ്ദാക്കുകയും വേണം. കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ച് അനധികൃത നിയമനം നടത്തിച്ചവര്‍ക്കെതിരെയും നടപടി എടുക്കണം. കരാര്‍ ലംഘനം നടത്തിയെന്ന് സര്‍ക്കാര്‍ തന്നെ പറയുന്ന സ്ഥിതിക്ക് പി.ഡിബ്‌ളി.യു സിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മറ്റു കരാറുകളും റദ്ദാക്കുകയും എല്ലാ വകുപ്പുകളില്‍ നിന്നും വിലക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.