പാര്‍ട്ടി പ്രഖ്യാപനമോ? രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം വിളിച്ച് രജനീകാന്ത്
ചെന്നൈ: രജനീകാന്തിന്റെ പാര്‍ട്ടിപ്രഖ്യാപനത്തെ സംബന്ധിച്ച് ഊഹൗപോഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങള്‍ നിലനില്‍ക്കെ, തന്റെ ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം വിളിച്ച് രജനീകാന്ത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിന് രജനീകാന്തിന്റെ തന്നെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കും. മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായും.
2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അസുഖങ്ങളെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നമുണ്ട്, പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം നടക്കുന്നത്.