കര്‍ഷകപ്രക്ഷോഭം; അമിത്ഷായുടെ ഉപാധികള്‍ തളളി പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി പ്രതിഷേധക്കാര്‍. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് കര്‍ഷക സംഘടനകള്‍ ഈ തീരുമാനം കൈക്കൊണ്ടത്.
കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്ച്ചയാവാമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. കര്‍ഷകരുടെ ഏതു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും എന്നാല്‍ അതിനുമുന്‍പു പോലീസ് നിര്‍ദേശിച്ച ഇടത്തേക്കു സമരം മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷക പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.
നേരത്തെ കൃഷിമന്ത്രിയും കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം, ഡല്‍ഹിയില്‍ പലയിടത്തും, കര്‍ഷകര്‍ അവരുടെ ട്രാക്ടറുകളും ട്രോളികളുമായി ദേശീയപാതകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, പുതിയ കര്‍ഷക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തുകയും ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പുതിയ അവസരങ്ങളും അവകാശങ്ങളും നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.