ശശി തരൂര്‍ പറഞ്ഞത് സിപിഐയോടു കൂടിയാണ്; മുന്നണിയില്‍ പറയാനുള്ളത് മുന്നണിക്കുള്ളില്‍ പറയണം; വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞുമടുക്കാതെ സിപിഐ വീണ്ടും; ഓരോ സിപിഐ ജില്ലകമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവരുന്നു

പാലക്കാട്: കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി വയനാട്ടിലെ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പറഞ്ഞകാര്യം സത്യത്തില്‍ സിപിഐയോടു കൂടിയാണ്. വെള്ളാപ്പള്ളിക്കെതിരെ തുടര്‍ച്ചയായി സിപിഐ അവിടെയും ഇവിടെയും വിമര്‍ശനങ്ങളും എതിര്‍പ്പും വാദപ്രതിവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളി തുടരുന്നതില്‍ അത്ര എതിര്‍പ്പുണ്ടെങ്കില്‍ സിപിഐക്ക് അതങ്ങോട്ട് ഇടതുമുന്നണി യോഗത്തില്‍ വ്യക്തമായി പറഞ്ഞുകൂടേ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്.
പരസ്യമായി തള്ളിപ്പറയുകയും പിന്നീട് വോട്ട് വാങ്ങുകയും ചെയ്യുന്ന നിലപാടല്ലേ ഇപ്പോള്‍ സിപിഐ ചെയ്യുന്നതെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നു.
സിപിഐ സംസ്ഥാന നേതൃത്വം തന്നെ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയതിനു പിന്നാലെ സിപിഐയുടെ ജില്ല ഘടകങ്ങളും നടേശനെതിരെ വിമര്‍ശനവും കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ എല്ലാ കോര്‍ണറുകളില്‍ നിന്നും അറ്റാക്ക് ചെയ്യുകയെന്ന തന്ത്രമാണ് സിപിഐ കൈക്കൊള്ളുന്നതെന്ന് വേണം കരുതാന്‍.

വെള്ളാപ്പള്ളിക്കെതിരെ പാലക്കാട്ടെ സിപിഐ ജില്ല കമ്മിറ്റി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ പാലക്കാട് തുറന്നടിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ മുന്നറിയിപ്പ്. എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്തരം ഇടപെടലല്ല ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിനു കീഴില്‍ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.
പിണറായി വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റിയെന്നും സിപിഐ വിമര്‍ശിച്ചിരുന്നു. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പാലക്കാടു നിന്നുയര്‍ന്ന വിമ്ര്‍ശനം.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഐയുടെ പ്രതികരണം. വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുപ്പം തുടരുമ്പോഴും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

സിപിഐക്ക് വെള്ളാപ്പള്ളി ഇടതുമുന്നണിയില്‍ രണ്ടാമനാകുമോ എന്ന ആശങ്ക വളരെയധികമുണ്ട്. ത്ങ്ങള്‍ക്ക് സിപിഐ കഴിഞ്ഞേ മുന്നണിയില്‍ വേറെയാരുമുള്ളു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വെള്ളാപ്പള്ളിയുമായുള്ള ബാന്ധവം ഇടതുമുന്നണി ഉപേക്ഷിച്ചാലേ സിപിഐക്ക് ആശ്വാസമാകൂ എന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെയാണ് നിരന്തരമായി അവര്‍ വെള്ളാപ്പള്ളിയെ ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് വീതം വെക്കുമ്പോള്‍ എസ്എന്‍ഡിപിക്ക് എത്ര സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന ആശങ്കയും സ്വാഭാവികമായി സിപിഐക്കുണ്ട്.






