NEWS

ബിഹാറിൽ എൽജെപി പയറ്റുന്നത് നിതീഷ്കുമാറിനെ ഇല്ലാതാക്കാനുള്ള തന്ത്രം ,വെട്ടിലായത് ബിജെപി

ബിഹാറിൽ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി എൻ ഡി എ യിൽ നിന്ന് പുറത്ത് പോകുന്നത് ഒട്ടൊരു കൗതുകത്തോടെയാണ് ഏവരും നോക്കുന്നത് .ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാറിനോടാണ് കലഹം .

Signature-ad

പ്രതിപക്ഷ മുന്നണിയിൽ പോകില്ല എന്ന് എൽജെപി പ്രഖ്യാപിച്ചിട്ടുണ്ട് .പകരം ഒറ്റയ്ക്ക് മത്സരിക്കും .എന്നാൽ എല്ലാ സീറ്റിലും മത്സരിക്കില്ല .ജെഡിയു മത്സരിക്കുന്ന സീറ്റുകളിൽ മാത്രമാണ് എൽജെപി മത്സരിക്കുക .അതായത് എൽജെപി മത്സരിക്കുന്ന എല്ലാ സീറ്റിലും ത്രികോണ മത്സരം ഉണ്ടാകുമെന്നർത്ഥം .

രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ എൽജെപി നേതൃത്വം പിതാവിൽ നിന്ന് ഏറ്റെടുത്ത് കഴിഞ്ഞു .ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിരാഗിന് വേണ്ടി ഒരു ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് എൽജെപി .നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനൊപ്പം ബീഹാർ രാഷ്ട്രീയത്തിൽ നിന്ന് നിതീഷ് കുമാറിനെ നിഷ്കാസിതൻ ആക്കലുമാണ് പാർട്ടിയുടെ ലക്‌ഷ്യം .

ഇത് ഏറെ സന്തോഷിപ്പിക്കുന്നത് ആർജെഡി -കോൺഗ്രസ് – ഇടതു പാർട്ടികൾ ചേർന്നുള്ള പ്രതിപക്ഷ സഖ്യത്തെ ആണ് .എൻ ഡി എ വോട്ടിന്റെ ഒരു ഭാഗം എൽജെപി കൊണ്ട് പോയാൽ കാര്യങ്ങൾ എളുപ്പമായി എന്ന് പ്രതിപക്ഷ സഖ്യം കരുതുന്നു .

കാര്യങ്ങളിൽ എൻ ഡി യ്ക്ക് ഒരു മുൻതൂക്കം ഉണ്ടായിരുന്നു .നരേന്ദ്ര മോഡി ,നിതീഷ് കുമാർ എന്നീ മുഖങ്ങൾ ,ജാതിമത സമവാക്യങ്ങൾ എന്നിവയൊക്കെ എൻ ഡി എയ്ക്ക് നേരിയ മുൻ‌തൂക്കം നൽകിയിരുന്നു .എന്നാൽ ആ സ്വപ്നങ്ങളെ ആണ് എൽ ജെ പി തകർത്തിരിക്കുന്നത് .

എൽജെപി വേറെ ഒരു കളി കൂടി നടത്തുന്നുണ്ട് .ബിഹാറിൽ എൻ ഡി എയെ ബിജെപി നയിക്കണം എന്നാണ് എൽജെപിയുടെ ആവശ്യം .നിതീഷ് കുമാറിനെ വെട്ടുക എന്നത് തന്നെയാണ് അവിടെയും ലക്‌ഷ്യം .ഒപ്പം എൻ ഡി എയിൽ തുടരുക എന്നതും .

“എൽജെപി അതിന്റെ ശക്തിയെ വലുതായി കാണുകയാണ് .മോദിയും നിതീഷ് കുമാറും സംയുക്തമായി കുറച്ച് പൊതുറാലികളിൽ പങ്കെടുത്താൽ ചിത്രം മാറും .”ഒരു മുതിർന്ന ബിജെപി നേതാവ് പ്രതികരിച്ചു .എന്നാൽ നിതീഷ് കുമാറിനെ ജനത്തിന് മടുത്തു എന്നും എൻ ഡി എ യെ നയിക്കാൻ പുതിയ നേതാവ് വേണമെന്നുമാണ് എൽജെപി നിലപാട് .

ദളിത് വോട്ടുകൾക്കൊപ്പം സവർണ വോട്ടുകളും എൽജെപിയ്ക്ക് ഉണ്ട് .ചില സവർണ നേതാക്കളെ പാർട്ടിയുടെ ഉന്നത സമിതിയിൽ ഉൾപ്പെടുത്തിയാണ് എൽജെപി ഇത് സാധിച്ചെടുത്തത് .

2005 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ എൽജെപി ഇതൊരിക്കൽ പയറ്റിയിട്ടുണ്ട് .അന്ന് യുപിഎയുടെ ഭാഗമായിരുന്ന പാസ്വാൻ ഒറ്റയ്ക്ക് മത്സരിച്ചു .അത് ഫലിച്ചു .തൂക്കുമന്ത്രിസഭയിൽ 29 എംഎൽഎമാരുമായി പാസ്വാൻ തല ഉയർത്തി നിന്നു .എന്നാൽ പിന്നീട് നിയമസഭ തന്നെ പിരിച്ചുവിടപ്പെട്ടു .പിന്നീടുള്ള തെരഞ്ഞെടുപ്പിൽ എൽജെപി ഒരിക്കൽ കൂടി ഇത് പയറ്റി .ആ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് ജനം കൃത്യമായ ഭൂരിപക്ഷം നൽകി .അങ്ങിനെ ബിഹാറിൽ യുപിഎ ഭരണം അവസാനിച്ചു .പതിനഞ്ചു കൊല്ലമായി നിതീഷ് കുമാർ തന്നെയാണ് മുഖ്യമന്ത്രി .ഇത്തവണത്തെ കളി നിതീഷ് കുമാറിന്റെ ഭരണത്തിന്റെ അന്ത്യം കുറിയ്ക്കുമോ എന്നത് കാത്തിരുന്നു കാണാം .

Back to top button
error: