NEWS

നാടിന്റെ സമാധാനം തകർക്കുന്ന ആർ എസ് എസ്/ബി ജെ പി- കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവെക്കാൻ തയ്യാറാവണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃശൂർ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആർ എസ് എസ് സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവർത്തകർക്കും ആർ എസ് എസ് കാപാലികരുടെ ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഇരുപത്തിയാറ് വയസാണ് സനൂപിനുള്ളത്. ആ നാടിൻ്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവർത്തിക്കുന്ന പാർട്ടി ബ്രാഞ്ച് സെക്രട്ടറി. മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിൻ്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങൾക്കിടയിലായിരുന്ന ആ യുവാവ്, സകലർക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആർ എസ് എസ് കാപാലികർ കൊലക്കത്തി കൊണ്ട് തീർത്ത് കളഞ്ഞത്.

ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർ എസ് എസ് /ബി ജെ പി – കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സനൂപടക്കം നാല് സിപിഐ എം പ്രവർത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബി ജെ പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാർട്ടികളിലെ നേതാക്കൻമാർ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകൾ നടത്തുന്നു.

നാടിൻ്റെ സമാധാനം തകർക്കുന്ന ആർ എസ് എസ്/ബി ജെ പി- കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവെക്കാൻ തയ്യാറാവണം. സിപിഐ എം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാൻ തയ്യാറാവണം.

ധീര രക്തസാക്ഷി സഖാവ് സനൂപിന് ആദരാഞ്ജലികൾ.
ലാൽസലാം.

https://www.facebook.com/KodiyeriB/posts/3367576543323171

Back to top button
error: