NEWS

കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത് അധ്യാപകന്‍; പേടിച്ച് കുട്ടികള്‍, ഒടുവില്‍ പുറത്താക്കി

രീരത്തില്‍ ചിത്രപ്പണി നടത്തുന്നത് ഇന്ന് യുവാക്കള്‍ക്കിടയില്‍ ഹരമാണ്. പണ്ട് നഗരങ്ങളില്‍ മാത്രം കണ്ടുവന്ന ശീലം ഇന്ന് ഗ്രാമീണ യുവാക്കളിലും വ്യാപകമായി. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ഒരു ഉപാധിയായി യുവാക്കള്‍ ടാറ്റൂയിംഗ് അഥവാ പച്ചകുത്തലിനെ കാണുന്നു.

ചെറിയ ചെറിയ ടാറ്റൂകളില്‍ നിന്നു തുടങ്ങി ശരീരം മുഴുവന്‍ മഷി പടര്‍ത്തുന്ന ശീലങ്ങളിലേക്ക് മലയാളിയും എത്തിക്കഴിഞ്ഞു. ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിന് പണം ഒരു പ്രശ്നമല്ലാത്ത നിലയായി. മലയാളി യുവാക്കളുടെ ഈ ഭ്രമം മനസിലാക്കി ഇന്ന് ഇന്ത്യയിലെ മെട്രോപോളിറ്റന്‍ നഗരങ്ങളിലേതുപോലെ കൊച്ചിയും കോഴിക്കോടും മറ്റും ടാറ്റൂ പാര്‍ലറുകളുടെ കേന്ദ്രമായി.

മുന്‍പ് സ്വന്തം പേരും പങ്കാളിയുടെ പേരും പോലുള്ള ചെറിയ ടാറ്റൂകള്‍ അടിക്കാനാണ് യുവാക്കള്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. തങ്ങളുടെ വ്യക്തിത്വം, സ്വാതന്ത്ര്യബോധം, ചിന്താബോധം എന്നിവ വെളിപ്പെടുത്തുന്ന വ്യത്യസ്തമായ ടാറ്റൂ ഡിസൈനുകളും മറ്റുമാണ് ഇന്നത്തെ യുവാക്കളില്‍ ഹരമായി നില്‍ക്കുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ വ്യത്യസ്തമായ ഒരു ടാറ്റു ചെയ്ത് കുഴപ്പത്തിലായിരിക്കുകയാണ് ഒരു അധ്യാപകന്‍.

ഫ്രാന്‍സിലെ ഒരു സ്‌കൂളിലെ സില്‍വൈന്‍ ഹെലൈന്‍ എന്ന അധ്യാപകനാണ് ടാറ്റൂവിനോടുളള ഭ്രമം കയറി കണ്ണില്‍ ടാറ്റൂ ചെയ്തത്. തുടര്‍ന്ന് അധ്യപകനെ കണ്ട് കുട്ടികള്‍ ഭയന്ന് തുടങ്ങിയതോടെ നേഴ്‌സറി സ്‌കൂളില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ നേഴ്‌സറി സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും ആറു വയസിനു മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

കൊച്ചുകുട്ടികള്‍ ഭയപ്പെടുന്നു എന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് സില്‍വൈനിനെതിരെ നടപടിയെടുത്തത്. കഴിഞ്ഞവര്‍ഷം സില്‍വൈനിന്റെ ക്ലാസില്‍ പഠിച്ചിരുന്ന ഒരു മൂന്നു വയസ്സുകാരന്‍ രാത്രിയില്‍ പോലും പേടിച്ചു കരയുന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് മാതാപിതാക്കള്‍ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതരെ സമീപിച്ചത്. ഒടുവില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇനി നഴ്‌സറി ക്ലാസുകളില്‍ സില്‍വൈന്‍ പഠിപ്പിക്കേണ്ട എന്ന് അധികൃതര്‍ തീരുമാനമെടുത്തു.

ദേഹമാസകലം ടാറ്റൂ ചെയ്ത സില്‍വൈന്‍ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തില്‍ ആക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സില്‍വൈന്‍ അറിയപ്പെടുന്നത് . ഇതുവരെ മുപ്പത്തിമൂന്നേകാല്‍ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സില്‍വൈന്‍ മുടക്കി. എന്നാല്‍ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സില്‍വൈനിന്റെ അഭിപ്രായം.

ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാല്‍ എല്ലാവര്‍ക്കും തന്നെ ഉള്‍ക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്‌തെന്ന് കരുതി അതില്‍ മാറ്റം വരില്ല എന്നും സില്‍വൈന്‍ പറയുന്നു. എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും അധ്യാപനം തന്നെയാണ് തന്റെ പ്രൊഫഷന്‍ എന്നും അതിനാല്‍ അതില്‍ നിന്നും പിന്തിരിയില്ല എന്നും തീരുമാനിച്ചിരിക്കുകയാണ് സില്‍വൈന്‍.

ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സഹായത്തോടെ സൂചിമുനയാല്‍ ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്യുന്നതാണ് ടാറ്റൂയിംഗിന്റെ രീതി. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ടാറ്റൂ ചെയ്തതിനുശേഷം ടാറ്റൂ വിദഗ്ദ്ധര്‍ പരിചരണത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കും. ശരീരത്തില്‍ സൂചികൊണ്ട് ഉരച്ചാണ് മഷി പടര്‍ത്തുന്നത്. അത്തരത്തിലുണ്ടായ മുറിവായി കണ്ട് പച്ചകുത്തിയഭാഗം അല്‍പനാള്‍ പരിചരിക്കണം.

Back to top button
error: