NEWS

കുമ്മനമടക്കമുള്ളവർ തഴയപ്പെട്ടു ,സംസ്ഥാന ബിജെപിയിൽ അതൃപ്തി

ദീർഘകാലം പാർട്ടിയ്ക്ക് വേണ്ടി ജീവിതകാലം ഉഴിഞ്ഞു വെച്ചവർ തെറിച്ചു പോകുന്നതാണ് ബിജെപി ദേശീയ ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോൾ കണ്ടത് .കേരളത്തിൽ തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുകയാണ് .ഈ ഘട്ടത്തിൽ നടന്ന പുനഃസംഘടന ആയിട്ടുകൂടി സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തഴയപ്പെട്ടു .ദീർഘ കാലം പ്രവർത്തന പാരമ്പര്യമുള്ള ആരും പട്ടികയിൽ വന്നില്ല എന്നത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് .

നിലവിൽ സംസ്ഥാന സർക്കാരിനെതിരായ നീക്കങ്ങളിൽ ഗ്രൂപ്പുകൾ മറന്നു എല്ലാവരും ഒരുമിച്ച് നീങ്ങുന്ന സ്ഥിതിവിശേഷം ആണുള്ളത് .ഈ സമയത്തും ഇങ്ങനെ ഒരു പട്ടിക വന്നതിൽ ഏവരും അസ്വസ്ഥർ ആണ് .നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിന് അഞ്ച് ഭാരവാഹികളെ കിട്ടി .ബംഗാളിന് മൂന്നും .

ഒരു ചുമതലയുമില്ലാതെ നിൽക്കുക ആണ് കുമ്മനം രാജശേഖരൻ ഇപ്പോൾ .അദ്ദേഹത്തെ ദേശീയതലത്തിൽ പരിഗണിക്കുമെന്ന് വാര്ത്തകൾ ഉണ്ടായിരുന്നു .അതുപോലെ തന്നെ പറഞ്ഞു കേട്ട രണ്ടു പേരുകൾ ആണ് പി കെ കൃഷ്ണദാസും ശോഭ സുരേന്ദ്രനും .രണ്ടുപേരെയാണ് മലയാളികൾ ആയി ദേശീയ നേതൃത്വം പുനഃസംഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .എ പി അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനായും ടോം വടക്കൻ വക്താവായും .രണ്ട് പേരും കോൺഗ്രസിൽ നിന്ന് വന്നവർ ആണ് .പാർട്ടിയ്ക്ക് വേണ്ടി ചോരയും നീരും കൊടുക്കുന്നവർക്ക് ഒരു വിലയുമില്ലേ എന്നാണ് തഴയപ്പെട്ട സംസ്ഥാന നേതാക്കൾ ഉയർത്തുന്ന ചോദ്യം .

സംസ്ഥാന ആർഎസ്എസിന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല .മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ സ്ഥാനാർഥി ആവുമെന്നായിരുന്നു കരുതിയിരുന്നത് .എന്നാൽ അത് നടന്നില്ല .അങ്ങിനെയെങ്കിൽ കുമ്മനം ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുമെന്നായിരുന്നു പിന്നെ കരുതിയത് .അതും നടന്നില്ല .

ഇടഞ്ഞു നിൽക്കുന്ന ശോഭയെ പരിഗണിക്കുമെന്ന് കേട്ടിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല .നിലവിൽ സംസ്ഥാന ഉപാധ്യക്ഷയാണ് ശോഭ .എന്നാൽ ചുമതല ഏറ്റെടുത്തിട്ടില്ല .പാർട്ടിയുടെ സജീവപ്രവർത്തനത്തിലും ശോഭ ഇപ്പോൾ പങ്കാളി അല്ല .

Back to top button
error: