യു.എസില്‍ ടിക്ടോക്കിനും വീ ചാറ്റിനും നിരോധനം; നാളെ മുതല്‍ പ്രാബല്യത്തില്‍
വാഷിങ്ടണ്‍: അതിര്‍ത്തി തര്‍ക്കം നിലനിന്ന സാഹചര്യത്തില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെ യു.എസും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തിലാക്കുകയാണ് യു.എസ്. ഇവയുടെ ഡൗണ്‍ലോഡിങ് യുഎസില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യക്തി വിവരങ്ങള്‍ ആപ്പുകള്‍ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി.
വിലക്ക് ഒഴിവാക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക്ടോക് വാങ്ങാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഒറാക്കിള്‍, വാള്‍മാര്‍ട്ട് എന്നീ കമ്പനികള്‍ ടിക്ടോക് ഉടമകളായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ആപ് വാങ്ങാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.