kerala

 • വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്; ഉടമ കസ്റ്റഡിയില്‍

  വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലെ ഫൗസിയ എന്ന യുവതിയെയാണ് നായ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ നടുറോഡിലിട്ട് നായകള്‍ കടിക്കുകയായിരുന്നു. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവില്‍ ആളുകള്‍ ഫൗസിയയെ രക്ഷിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താമരശ്ശേരി വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷന്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. സംഭവത്തില്‍ റോഷന്‍ ഇപ്പോള്‍ താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. നേരത്തേയും നിരവധിയാളുകള്‍ക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

  Read More »
 • ഇടുക്കി-ചെറുതോണി അണക്കെട്ട് തുറന്നു

  കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളം പുറത്തേയ്ക്കൊഴുകും. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.

  Read More »
 • കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

  ബെംഗളൂരു: അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം ഇതോടെ അവസാനിപ്പിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌ക്കരിക്കും. പ്രിന്‍സിപ്പാള്‍ അറസ്റ്റിലായശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലായിരുന്നു രക്ഷിതാക്കള്‍. പീഡനവിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചെങ്കിലും പ്രിന്‍സിപ്പല്‍ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി മാസങ്ങളോളം ലൈംഗികചൂഷണം നടത്തിയ അധ്യാപകനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. വാട്‌സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.

  Read More »
 • സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 3 ജില്ലകളിൽ റെഡ് അലേർട്ട്

  കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്. രാവിലെ 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതില്‍ മൂന്ന് ജില്ലകളിലാണിപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കന്‍ തമിഴ്നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ആണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍കടലില്‍ ആന്തമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബര്‍ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്രകാലവസ്ഥാ വകുപ്പ് അറിയിച്ചു.

  Read More »
 • ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും

  ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

  Read More »
 • കനത്തമഴ; കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു

  കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് ഡ്രൈവറായ തങ്കരാജ് അപകത്തില്‍പ്പെട്ടത്. മണ്ണിനടിയില്‍പ്പെട്ട തങ്കരാജിനെ അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.

  Read More »
 • മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി ഉയർന്നു; സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത

  ഇടുക്കി: കനത്ത മഴ തുടരുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. 9 മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ 900 ഘന അടിയായി ഉയർത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്നതോടെ തമിഴ്നാട് ജാഗ്രതാ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. 140 അടിയായ സാഹചര്യത്തിൽ ആദ്യ പ്രളയജാഗ്രതാ നിർദേശം തമിഴ്നാട് പുറത്തുവിടുന്നു. ജലനിരപ്പ് 140 അടിയായെന്ന് തമിഴ്നാട് കേരളത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അടുത്ത 24 മണിക്കൂറിലും ജലനിരപ്പ് ഈ തരത്തിൽത്തന്നെ ഉയരുകയാണെങ്കിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ പെരിയാർ തീരത്തുള്ള ജനങ്ങൾ, പ്രത്യേകിച്ച് നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

  Read More »
 • മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു

  ഷൊർണൂർ: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. മഞ്ഞക്കാട് പരിയം തടത്തിൽ വിനോദിന്റെ മക്കളായ അഭിനവ്(1), അനിരുദ്ധ് (4) എന്നിവരാണ് മരിച്ചത്. വിനോദിന്റെ ഭാര്യ ദിവ്യ കൈഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിലാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ദുരന്തമറിഞ്ഞ് വിനോദിന്റെ മൂത്തശ്ശി അമിണി അമ്മ (68) ആത്മഹത്യയ്ക്കു ശ്രമിച്ചു.

  Read More »
 • പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ല; ജോജുവിനെതിരെ കേസെടുത്തു

  വൈറ്റില: പൊതുസ്ഥലത്ത് മാസ്‌ക് വെക്കാതെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു. നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ വാഹനത്തില്‍ നിന്ന് വഴിയിലിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് മരട് പോലീസ് കേസെടുത്തത്.

  Read More »
 • ഇന്ന് ലോക പ്രമേഹ ദിനം; അവബോധം ഏറെ പ്രധാനം

  ഇന്ന് ലോക പ്രമേഹ ദിനം. ‘പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് അമൃതം ആരോഗ്യം, നയനാമൃതം, പാദസ്പര്‍ശം തുടങ്ങിയ നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്. അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക,…

  Read More »
Back to top button