ബലാത്സംഗക്കേസ്: വേടനെതിരേയുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് കോടതി, ഹര്‍ജിക്കാരിയേയും കക്ഷി ചേര്‍ത്തു

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പൊലീസെടുത്ത ബലാത്സംഗക്കേസില്‍ റാപ്പ് ഗായകന്‍ വേടന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിക്കാരിയേയും കക്ഷി ചേര്‍ത്തു.
ഓരോ കേസും അതിലെ വസ്തുതകള്‍ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
വേടനെതിരേ മറ്റ് രണ്ട് പേര്‍കൂടി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. താത്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും നിര്‍ബന്ധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നും വാദിച്ചു. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റ് പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.






