Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍

സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു.
രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം.
ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു.  ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ സൂര്യകുമാര്‍, ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരവുമായി. കളി ജയിച്ചെങ്കിലും ബാറ്റിങ്ങിലെ തകര്‍ച്ചയ്‌ക്കെതിരെ മുന്‍താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.
വാങ്കഡയെ ത്രസിപ്പിച്ച ഇന്നിങ്‌സില്‍ എണ്ണംപറഞ്ഞ റെക്കോര്‍ഡുകളും സൂര്യകുമാര്‍ യാദവ് കയ്യിലാക്കി. ട്വന്റി 20 ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകളില്‍ രണ്ടാമത്തേത് സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. 2009 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ക്രിസ് ഗെയ്ല്‍ നേടിയ 88 റണ്‍സാണ് ഇതിന് മുകളില്‍. പാക്ക് ക്യാപ്റ്റന്‍ ബാബര്‍ അസത്തിന്റെ 68 റണ്‍സാണ് സൂര്യകുമാര്‍ പിന്തള്ളിയത്.
10 ഫോറും നാലു സിക്‌സറും അടങ്ങുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 16 ഓവറിലാണ് ഇന്നിങ്‌സിലെ മികച്ച പ്രകടനം പുറത്തുവന്നത്. സൗരഭ് നേത്രാവല്‍ക്കറിനെതിരെ സൂര്യകുമാര്‍ തുടരെ മൂന്ന് ഫോറുകളും ഒരു കൂറ്റന്‍ സിക്‌സറും നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെ താരവും സൂര്യകുമാറാണ്.
ട്വന്റി 20 യിലെ 17മത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമാണിത്. വിരാട് കോലിയുടെ 16 പുരസ്‌കാരം എന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ പിന്തള്ളിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ചറികള്‍ സൂര്യകുമാര്‍ നേടിയിട്ടുണ്ട്. അവസാന അഞ്ച് ട്വന്റി20 ഇന്നിങ്‌സുകളില്‍ നിന്നും നാല് അര്‍ധ സെഞ്ചറികള്‍ സൂര്യകുമാറിന്റെ േപരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: