ആന്റോ ആന്റണി മുക്കിയ രണ്ടുകോടി ശബരിമല തട്ടിപ്പില്‍ നിന്നുള്ള പണം? ചോദ്യം ചെയ്യാന്‍ ഇഡി; തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ എംപിക്കും കുരുക്കാകും; എസ്ഐടിക്കു മുന്നില്‍ വിയര്‍ത്ത് അടൂര്‍ പ്രകാശും; സോണിയയെ കണ്ടത് ബംഗളുരൂ കണക്ഷന് വഴി

തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പ് പണമെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം. രാജു പറഞ്ഞു.
പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുംപറമ്പില്‍ ഫിനാന്‍സിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലും സ്ഥാപന ഉടമ എന്‍.എം. രാജുവിന്റെ രാമന്‍ചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
അടൂര്‍ പ്രകാശിന് പിന്നാലെ ആന്റോ ആന്റണി എംപിയെയും എസ്.ഐ.ടി. ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ തന്നെ നോട്ടീസ് നല്കി വിളിപ്പിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള അടുപ്പം കേന്ദ്രീകരിച്ചാണ് ആന്റോ ആന്റണിയെയും ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണ പോറ്റി നില്കുന്ന ചിത്രത്തില്‍ ആന്റോ ആന്റണിയുമുണ്ട്. സോണിയ ഗാന്ധിയുടെ കയ്യില്‍ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് എസ്ഐടി ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരമാവധി സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന തുകയ്ക്കപ്പുറം ആന്റോ ചെലവഴിച്ചിട്ടുണ്ടോ എന്നതിലേക്ക് അടക്കം അന്വേഷണം നീങ്ങിയേക്കും. കള്ളപ്പണം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന കേസും ഇഡി ചുമത്താന്‍ സാധ്യതയുണ്ട്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് അടൂര്‍ പ്രകാശിന്റെ മൊഴി. പോറ്റിയുടെ വീട്ടില്‍ പോയിട്ടില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ എസ്.ഐ.ടിക്ക് മൊഴി നല്കി. എന്നാല്‍ ആറ്റിങ്ങലിലുള്ള എംപി ഓഫീസില്‍ പലതവണ പോറ്റി വന്നു കണ്ടിട്ടുണ്ട്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ഇടപാട് ആരോപണങ്ങള്‍ അടൂര്‍ പ്രകാശ് നിഷേധിച്ചത്. ഉണ്ണികൃഷ്ണന് പോറ്റിയെ വര്‍ഷങ്ങളായി അറിയാമെന്ന് അടൂര്‍ പ്രകാശ് സമ്മതിച്ചു.
പോറ്റിയും അടൂര്‍ പ്രകാശം തമ്മിലുള്ള ചിത്രങ്ങള്‍ ഓരോന്നായി കാണിച്ചു കൊണ്ടായിരുന്നു ചോദ്യം ചെയ്യല്‍. സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിക്ക് അവസരം ഒരുക്കിയത് താനല്ല. ബംഗളൂരുവില്‍ ഉള്ള ചില സുഹൃത്തുക്കള്‍ വഴി അപ്പോയിന്മെന്റ് എടുത്തു എന്നാണ് പോറ്റി പറഞ്ഞത്. ഡല്‍ഹിയില്‍ ഉണ്ടായിരുന്നതിനാല്‍ താനും കൂടെ പോയതാണെന്നും മൊഴി നല്കി. തനിക്ക് സമ്മാനം നല്‍കുന്നതായി കാണുന്നത് സഹോദരിയുടെ മകളുടെ കല്യാണം വിളിക്കാന്‍ പോറ്റി വന്ന ദിവസം എടുത്ത ചിത്രമാണെന്നും ക്ഷണക്കത്തും ഇന്തപ്പഴവുമാണ് കൈമാറിയതെന്നും മൊഴിയില്‍ വിശദീകരിച്ചു.
ചോദ്യാവലി തയ്യാറാക്കിയായിരുന്നു യുഡിഎഫ് കണ്‍വീനറുടെ ചോദ്യം ചെയ്യല്‍. സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പരിശോധിച്ച ശേഷം അടൂര്‍ പ്രകാശിനെ വീണ്ടും വിളിക്കണമെന്ന് എസ്ഐടി തീരുമാനിക്കും. പോറ്റിയുടെ കാര്യങ്ങളടക്കം അറിയേണ്ടതെല്ലാം ചോദിച്ചുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായി മറുപടി പറഞ്ഞുവെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സാമ്പത്തിക ഇടപാടുകള്‍ ചോദിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.






