Breaking NewsKeralaLead NewsNEWS

നേമത്ത് രാജീവ് ചന്ദ്രശേഖര്‍? മഞ്ചേശ്വരം വിട്ടുപിടിക്കാന്‍ സുരേന്ദ്രനും? കെ. മുരളീധരന് സര്‍പ്രൈസ് ഗിഫ്റ്റ്? നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി.നേതാക്കളോട് പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും കെ.സുരേന്ദ്രന്‍ തൃശ്ശൂരിലും, വി.മുരളീധരന്‍ കഴക്കൂട്ടത്തും മത്സരത്തിനിറങ്ങാനാണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ പത്മജാ വേണുഗോപാലിനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്

വട്ടപ്പൂജ്യമാണ് കേരള നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ. അക്കൗണ്ട് തുറക്കുന്നതിലപ്പുറം മികച്ച മുന്നേറ്റമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങള്‍ തിരിച്ചാണ് പ്രവര്‍ത്തനം.

Signature-ad

രാജ്യത്ത് ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കുമ്പോഴും എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ വേരാഴ്ന്ന കേരളത്തിലെ മണ്ണാണ് ബിജെപി പ്രതീക്ഷകള്‍ക്ക് എന്നും തടസ്സമാകാറ്. ഒരിക്കലും ചേര്‍ന്നു പോകാത്ത കേരളത്തിലെ ഗ്രൂപ്പിസവും ബിജെപി പ്രതീക്ഷകളെ തച്ചുടക്കാറാണ്. ഇവിടെ നിന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നേതൃത്വം വെല്ലുവിളികളെ അതിജീവിക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒ.രാജഗോപാലിലൂടെ അക്കൗണ്ട് തുറന്നിട്ടും പൂട്ടിപ്പോയ നേമത്താകും ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിലെ എംഎല്‍എ വി.ശിവന്‍കുട്ടി ഒരിക്കല്‍ കൂടി അംഗത്തിനിറങ്ങിയാല്‍ മറ്റൊരു മണ്ഡലം രാജീവ് രാജശേഖര്‍ ആലോചിക്കും. മുന്‍ അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ സജീവമാകും.

വി.മുരളീധരന്‍ കഴിഞ്ഞതവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. ഗോവ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ പി.എസ് ശ്രീധരന്‍പിള്ളയെ സജി ചെറിയാന്റെ തട്ടകമായ ചെങ്ങന്നൂരില്‍ പോരിനിറക്കാനാണ് നിര്‍ദേശം . പുതുക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനും, കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും സജീവമാകും. പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പി.സി ജോര്‍ജിന് ബിജെപി നിര്‍ദേശം നല്‍കി കഴിഞ്ഞു . പാലായിലാണ് ഷോണ്‍ ജോര്‍ജിന് നറുക്ക്. കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശും കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് സി.കെ പത്മനാഭനും മത്സരത്തിന് എത്തിയേക്കും.

തിരുവനന്തപുരത്ത് വി.വി രാജേഷ്, തിരുവല്ലയില്‍ അനൂപ് ആന്റണി എന്നിവരെയാണ് നിലവില്‍ പരിഗണിക്കുന്നത്. ഇത്തവണ നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ കെ. മുരളീധരന്റെ പങ്ക് ബി.ജെ.പിക്ക് കൃത്യമായി ഓര്‍മയുണ്ട്. അതുകൊണ്ട് തന്നെ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ മത്സരത്തിന് ഇറങ്ങിയാല്‍ പത്മജാ വേണുഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ സഹോദരനെതിരെ മത്സരിക്കാന്‍ ഇല്ലെന്നാണ് പത്മജയുടെ നിലപാട്. കേരളം പിടിക്കാനുള്ള നീക്കത്തിന് ബിജെപി ഇറങ്ങുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലേ പ്രകടനമാകും നിര്‍ണായകമാവുക.

 

 

Back to top button
error: