12 പ്രധാന വാർത്തകൾ: നിധി കിട്ടാൻ മന്ത്രവാദി കര്‍ഷകനെ തലയ്ക്കടിച്ചു കൊന്നു, നഴ്‌സായ ഭാര്യയെ ഭർത്താവ് ആശുപത്രി വളപ്പിലിട്ട് കുത്തിക്കൊന്നു,18 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് 78 കാരൻ, മൂന്നാറിൽ പിടികൂടിയ കടുവയെ കാട്ടിലേക്ക് വിടില്ല നാട്ടിൽ പുനരധിവസിപ്പിക്കും, പോക്സോ കേസ് പ്രതി ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു
തമിഴ്നാടിനെ ഞെട്ടിച്ച് നരബലി. നിധി കിട്ടാനായി കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തി. കൃഷ്ണഗിരി ജില്ലയില്‍ തേങ്കനിക്കാട്ട് കര്‍ഷകനായ ലക്ഷ്മണനെയാണ് സ്വന്തം കൃഷിയിടത്തില്‍ തലതകര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തുകയായിരുന്നു.
നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം. മന്ത്രവാദം നടന്നതിന്റെ സൂചനയായി നാരങ്ങ, സിന്ദൂരം, കര്‍പ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് നരബലി നടന്നെന്ന സംശയത്തെ തുടര്‍ന്ന് ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ധര്‍മപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തത്. മന്ത്രവാദിയായ മണി ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു.
വെറ്റിലത്തോട്ടത്തില്‍ നിധിയുണ്ടെന്ന് ലക്ഷ്മണനെ മണി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നരബലി നല്‍കാനായി മണിയുടെ അടുത്തു സ്ഥിരമായി ചികിത്സയ്ക്കെത്തുന്ന യുവതിയെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. ചികിത്സയ്ക്കെന്ന വ്യാജേന വെറ്റിലത്തോട്ടത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും പൂജ തുടങ്ങി ഏറെനേരം കഴിഞ്ഞിട്ടും യുവതി എത്തിയില്ല.
ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ലക്ഷ്മണനെ ബലി നല്‍കാന്‍ മണി തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നിധിക്കായി ഇയാള്‍ തോട്ടത്തിലാകെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
ആശുപത്രി വളപ്പിൽ നാട്ടുകാരുടെ മുന്നിലിട്ട് നഴ്സിനെ ഭർത്താവ് കുത്തിക്കൊന്നു. കോയമ്പത്തൂർ പി.എൻ പാളയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന വി. നാൻസി(32)യെ ആണ് ഭർത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. നഗരത്തിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലിചെയ്യുന്ന വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദാമ്പത്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ രണ്ടുവർഷമായി നാൻസിയും ഭർത്താവ് വിനോദും വേർപിരിഞ്ഞാണ് താമസം. ഇതിനിടെയാണ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് വിനോദ് ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിട്ടു. ഒടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനോദ് നാൻസിയുടെ കഴുത്തിൽ കുത്തി. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
വരൻ 78 കാരനായ വൃദ്ധൻ, വധു18 കാരിയായ പെൺകുട്ടി. അതും പ്രണയ വിവാഹം. ഫിലിപ്പീൻസിലാണ് സംഭവം. പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. റാഷെദ് ഒരു കർഷകനായിരുന്നു. ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. മൂന്ന് വർഷം മുമ്പ് കഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്.
ഇതൊരു അറേഞ്ച്ഡ് വിവാഹമല്ല. തികഞ്ഞ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത് എന്ന് റാഷെദിന്റെ മരുമകനായ ബെൻ പറയുന്നു. ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്. റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണ് റാഷെദുമായി ഉണ്ടായത്.
60 വയസിന്റെ വ്യത്യാസമുണ്ട് ഹലീമയും റാഷെദും തമ്മിൽ. പക്ഷേ അതൊന്നും വിവാഹത്തിന് തടസമായിരുന്നില്ല. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു.
മഹാരാഷ്ട്രയിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസ് അറസ്റ്റിൽ. വിജിൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കാലടിയിലെ ഗോഡൗണിലും വ്യാപാരസ്ഥാപനങ്ങളിലും എക്സൈസ് സംഘം ബുധനാഴ്ച പരിശോധന നടത്തുകയാണ്.
വൻതോതിൽ പഴങ്ങൾ സൂക്ഷിച്ച കാലടിയിലെ ഗോഡൗണിൽ വിശദമായ പരിശോധനയാണ് എക്സൈസ് സംഘം ആരംഭിച്ചിരിക്കുന്നത്. ഓറഞ്ച്, ആപ്പിൾ, തുടങ്ങിയ പഴവർഗങ്ങൾ സൂക്ഷിച്ച ഓരോ പെട്ടികളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയിൽ 1476 കോടിയുടെ ലഹരിമരുന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പിടികൂടിയത്. ഓറഞ്ചുകൾ കൊണ്ടുപോവുകയായിരുന്ന ട്രക്കിൽനിന്ന് 198 കിലോഗ്രാം മെത്തും ഒമ്പതുകിലോ കൊക്കെയ്നുമാണ് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണ് യമിറ്റോ ഇന്റർനാഷണൽ ഫുഡ്സ് എം.ഡി.യായ വിജിൻ വർഗീസ് ഡി.ആർ.ഐ.യുടെ പിടിയിലായത്.
വിദേശത്തുനിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിൻ വർഗീസ് അടക്കമുള്ളവർ ലഹരിമരുന്ന് കടത്തിയിരുന്നത്. സംഭവത്തിൽ മലയാളിയായ മൻസൂർ തച്ചൻപറമ്പിൽ എന്നയാൾക്കും ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പാലാ ളാലം നെല്ലിയാനിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ ളാലം നെല്ലിയാനിയിൽ പുളിക്കൽ വീട്ടിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഭൂതറാം പൂർത്തി (38) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഇയാളെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. 20 വർഷം മുമ്പ് കേരളത്തിൽ എത്തിയ ഇയാൾ പുളിക്കൽ വീട്ടിലെ ജോലിക്കാരനായി കഴിഞ്ഞു വരികയായിരുന്നു.പുളിക്കൽ രാഹുൽ പി ആറിന്റെ ജീവനക്കാരനായിരുന്നു മരിച്ച ഭൂതാറാം. സംഭവത്തിൽ കേസെടുത്തായി പാലാ പോലീസ് അറിയിച്ചു.
ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ ഇനിയും അവസാനിച്ചിട്ടില്ല. മൂളു പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത് ഇന്ന് രാവിലെയാണ്.
കൊല്ലപ്പെട്ടവരിൽ 2 പേർ ഹനാൻ ബിൻ യഖൂബും, ജംഷദുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കിയിലെ രാജമലയിൽ ജനവാസ മേഖവലയിൽ ഇറങ്ങിയ കടുവയ്ക്ക് ഇടത് കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തി. പത്ത് പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ജനത്തെ ഭീതിയിലാക്കിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്.
വനംവകുപ്പിന്‍റെ കൂട്ടിൽ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു . ഇതിലാണ് ഇടത് കണ്ണിൽ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.
ഇടത് കണ്ണിന് തിമിര ബാധ ഉള്ളതു കൊണ്ടുതന്നെ തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിൽ അല്ല കടുവയുള്ളതെന്ന് വനം വകുപ്പ് പറഞ്ഞു. സ്വാഭാവിക ഇര തേടൽ അസാധ്യം ആണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.
വയനാട് കൊയിഞ്ഞങ്ങാടിൽ കുടിവെള്ളത്തിൽ വിഷം കലർത്തി തോട്ടം കാവൽക്കാരനായ വിനീത് കൊയിലേരിയെ വധിക്കാൻ ശ്രമം. സ്വകാര്യ തോട്ടത്തിലെ കാവൽക്കാരനായി ജോലി ചെയ്യുന്ന വിനീതിനെ മോഷ്ടാക്കൾ പലതവണകളായി ആക്രമിച്ചിട്ടുണ്ട്. ഇക്കുറി കുടിവെള്ളത്തിൽ വിഷം കലർത്തുകയായിരുന്നു. വെള്ളം കുടിച്ച വിനീത് കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാലാണ് രക്ഷപ്പെട്ടത്. കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ വിനീത് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച
തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെ പാർട്ടി പുറത്താക്കി. അറസ്റ്റടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് ഉടൻ നീങ്ങുമെന്നാണ് സൂചന.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയെയാണ് വേട്ടമുക്ക് മധു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആറ് മാസം മുന്‍പ് യുവതിക്ക് നല്‍കിയ പതിനായിരം രൂപയുടെ പേരിലാണ് മുതലെടുക്കാന്‍ ശ്രമം നടത്തിയത്. ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങള്‍ നടത്തുന്നുവെന്നും യുവതി പറയുന്നു. കൂടാതെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നു. ശല്യം തുടര്‍ന്നതോടെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും മധു വേട്ടയാടല്‍ തുടര്‍ന്നു.
ഇതിനിടെ കുറ്റം സമ്മതിക്കുന്ന വേട്ടമുക്ക് മധുവിന്റെ ശബ്ദസന്ദേശവും പുറത്തു വന്നു.
മധുവിനെതിരെ യുവതി പൂജപ്പുര പൊലീസിലാണ് പരാതി നല്‍കിയത് അടിയന്തിരമായി നടപടിയുണ്ടായില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും പരാതിയിലുണ്ട്. നേരത്തെ പട്ടാപ്പകല്‍ റോഡില്‍വച്ച് മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകയെ മര്‍ദിച്ച കേസിലും വേട്ടമുക്ക് മധു പ്രതിയായിട്ടുണ്ട്.
പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇരയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി രണ്ട് മാസത്തിനു ശേഷം പൊലീസ് പിടിയിൽ. കൊല്ലം ശൂരനാട് വടക്ക് കെ.സി.ടി മുക്ക് സ്വദേശി ദിലീപ് (26) ആണ് ഇന്ന് രാവിലെ അറസ്റ്റിലായത്.സംഭവത്തിനു
ശേഷം ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആഗസ്ത് മാസം രണ്ടിന് ഇരയുടെ മാതാപിതാക്കളെ അതിക്രൂരമായി ഇയ്യാൾ വെട്ടി പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിലായിരുന്നു.ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിലെ പ്രതിയാണ് ദിലീപ്. റിമാൻഡിൽ കഴിവേ ജാമ്യത്തിലിറങ്ങിയ ഇയ്യാൾ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. എന്നാൽ യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെയാണ് മാതാപിതാക്കൾക്ക് വെട്ടേറ്റതെന്നും
സൂചനയുണ്ട്. അതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കോടതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
തൃശൂർ കൊടുങ്ങല്ലൂരിൽ അരിക്കിടയിൽ എംഡിഎംഎ കടത്തിയിരുന്ന യുവാവ് പിടിയിലായി. വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ രമേഷ് ബൈക്കിലെത്തി. പൊലീസ് ഇയാളെ തടഞ്ഞ് രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ് പരിഭ്രാന്തി പ്രകടിപ്പിച്ചു. അരിയടക്കമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഇതിൽ എംഡിഎംഎ ഒളിച്ചുകടത്തുകയായിരുന്നു.
വയനാട് ഇരുളം എസ്.എ ഹോട്ടൽ ഉടമ സുബൈറിനാണ് മർദ്ദനം ഏറ്റത്. ബ്ലേഡ്ക്കാരനായ ഇരുളം പുത്തൻവീട്ടിൽ ജംഷീദ് ആണ് കടയുടമയെ മർദ്ദിച്ചത്. കേണിച്ചിറ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 100000 രൂപ ചെക്കും, മുദ്ര പത്രവും നൽകി പലിശയക്ക് വാങ്ങിയതായിരുന്നു പണം. എല്ലാം മാസവും ബ്ലേഡ്ക്കാരന് പലിശ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തി പലിശ വാങ്ങിയതിനു ശേഷം മർദിക്കുകയും, സുബൈറിന്റെ കാർ പിടിച്ചു വെക്കുകയും ചെയ്തു. കുബേര ആക്ട് പ്രകാരം കേസ് എടുക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യ പെട്ടു.