കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധവയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്സനാണ് കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായത്. വീട്ടിലെ സ്വീകരണ മുറിയിൽ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സൺ കഞ്ചാവ് ചെടി നട്ട് വളർത്തിയിരുന്നത്. ചെടിയ്ക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. 63 ഉം 46ഉം സെന്റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്.
പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പിടിച്ചെടുത്തു. എറണാകുളം ഏലൂർ സ്വദേശിയായ പ്രതി കഴിഞ്ഞ 8 വർഷമായി വലന്പൂരിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരെ നാട്ടുകാർ നിരന്തരം നൽകിയ പരാതികൾക്കൊടുവിലായിരുന്നു പൊലീസ് പരിശോധന. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.