ഒമര്‍ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്തി ഹസന്‍ എന്നിവരാണ് ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊടുംകുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഖൊറസാനിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.
2016 ലെ ഈസ്റ്റർ ഞായറാഴ്ച പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ ലഹോറിൽ ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ ബോംബാക്രമണത്തിനു പിന്നിൽ ഖൊറസാനിയുടെ പങ്ക് വെളിപ്പെട്ടിരുന്നു. ഈ സ്ഫോടനത്തിൽ 75 പേരാണ് കൊല്ലപ്പെട്ടത്. 2016 മാർച്ചിൽ പെഷാവറിലെ യുഎസ് കോൺസുലേറ്റിലെ രണ്ട് പാക്ക് ഉദ്യോഗസ്ഥരെ വധിച്ചതിലും ഖൊറസാനി സംഘമായിരുന്നു.
യുഎസ് ഡ്രോൺ ആക്രമണത്തിൽ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ട് ഒരാഴ്ച തികഞ്ഞതിനു പിന്നാലെയാണ് അഫ്‌ഗാനിലെ പാക്ക് താലിബാന്റെ മുൻനിര നേതാക്കളിലൊരാളായ ഖൊറസാനിയുടെ മരണവാർത്ത എത്തുന്നത്. ഖൊറസാനിയുടെ മരണത്തിൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
സവാഹിരിയുടെയും അൽഖായിദ സ്ഥാപകൻ ഉസാമ ബിൻ ലാദന്റെയും അടുത്ത അനുയായി കൂടിയായ ഖൊറസാനിയുടെ മരണവും സവാഹിരിയുടെ മരണവും തമ്മിൽ ബന്ധമുണ്ടോ എന്നതും വ്യക്തമല്ല.