ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വിവാഹിതനാകുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൗര്‍ ആണ് വധു. മന്നിന്റെ ചണ്ഡിഗഡിലുള്ള വസതിയില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങില്‍ വച്ച് വ്യാഴാഴ്ചയാണ് വിവാഹം. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് വിവാഹത്തില്‍ പങ്കെടുക്കും.
ആറ് വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന് വിവാഹമോചനം നേടിയിരുന്നു. അതേസമയം, വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഭഗവന്ത് മന്നിന്റെ പ്രതിശ്രുത വധുവിന്റെ വിവരങ്ങള്‍ക്കായി ഓണ്‍ലൈനില്‍ വ്യാപക തിരച്ചിലെന്ന് റിപ്പോര്‍ട്ട്. ഗുര്‍പ്രീത് കൗറിന്റെ കുടുംബ പശ്ചാത്തലവും ജോലിയുമടക്കമുള്ള വിവരങ്ങളാണ് തിരയുന്നത്.
ഡോ. ഗുര്‍പ്രീത് കൗര്‍ പഞ്ചാബിലെ ഒരു സാധാരണ സിഖ് കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുര്‍പ്രീതും ഭഗവന്ത് മന്നും വളരെക്കാലമായി പരിചയമുള്ളവരാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഗുര്‍പ്രീത് കൗറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 2014 മുതല്‍ 2022 വരെ പഞ്ചാബിലെ സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്നു മന്. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് ഭഗവന്ത് മന് നടനായിരുന്നു. ഇന്ദര്‍പ്രീത് കൗര്‍ ആയിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ 21, 18 വയസ്സുള്ള രണ്ട് മക്കളുണ്ട്. മക്കളും ഇന്ദര്‍പ്രീതും ഇപ്പോള്‍ അമേരിക്കയിലാണ്. രണ്ടാം വിവാഹത്തിന് മാനിന് ഇന്ദര്‍പ്രീത് ആശംസകള്‍ നേര്‍ന്നു. മാനിന് തന്റെ എല്ലാ പ്രാര്‍ഥനയുമുണ്ടായിരിക്കുമെന്നും അവര്‍ പറഞ്ഞു.