കോവളം ബൈപാസില്‍ മുക്കോല ഭാഗത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
വട്ടിയൂര്‍ക്കാവ് നെട്ടയം ഫാത്തിമ മന്‍സിലിൽ ഹബീബിന്റെയും ഷറഫുന്നിസയുടെയും മകന്‍ എച്ച്. മുഹമ്മദ് ഫിറോസ്(22), ചൊവ്വര വണ്ടാഴ നിന്ന വീട്ടില്‍ ഷാജിയുടെയും രമണിയുടെയും മകന്‍ എസ്. ശരത്(20) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.
വൈകിട്ട് മൂന്ന് മണിയോടെ അഞ്ചു ബൈക്കുകളിലെത്തിയ സംഘം ഇരുവശത്ത് നിന്നുമായി മത്സര ഓട്ടം നടത്തവെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച് ബൈക്കുകള്‍ ഓടിച്ചിരുന്നവര്‍ തെറിച്ച് വീഴുകയായിരുന്നു. മുഹമ്മദ് ഫിറോസ് സംഭവസ്ഥലത്തും ശരത് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.പരിക്കേറ്റവരെ നാട്ടുകാരും വിഴിഞ്ഞം പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.