IndiaNEWS

അഗ്നിപഥ്’ പദ്ധതിക്കെതിരേ പ്രതിഷേധം; ട്രെയിനിന് തീയിട്ട് ഉദ്യോഗാര്‍ഥികള്‍, പിന്നോട്ടില്ലെന്ന് കേന്ദ്രം

പട്ന: സായുധസേനകളിലേക്ക് നാലുവര്‍ഷത്തേക്കു നിയമനം നല്‍കുന്ന ‘അഗ്നിപഥ്’ പദ്ധതിക്കെതിരേ ഏഴ് സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവില്‍. അഗ്നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം ‘അഗ്നിവീര്‍’ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ. ഇത് തങ്ങളുടെ തൊഴില്‍സാധ്യതയെ ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബിഹാറിലാണ് പ്രതിഷേധം ഏറ്റവും ശക്തം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. ബിഹാറിലെ ഭാബുവയില്‍ പ്രതിഷേധക്കാര്‍ ട്രെയ്‌നിന് തീവച്ചു. റെയില്‍വേ ട്രാക്കില്‍ പുഷ് അപ്പ് എടുത്തും ദേശീയ പാതകളില്‍ തീയിട്ടും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് പിരിട്ടുവിട്ടത്.

ലഖ്നൗ-ബറൗണി ദേശീയപാതയില്‍ ഉദ്യോഗാര്‍ഥികള്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു. കരസേനാ റിക്രൂട്ട്മെന്റ് റാലി നടക്കാറുള്ള ചക്കര്‍ മൈതാനത്തിനടുത്തും ഇതേ രീതിയിലുള്ള പ്രതിഷേധമുണ്ടായി. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന ‘അഗ്നിവീറുക’ള്‍ക്ക് മറ്റു ജോലികളില്‍ 20-30 ശതമാനം സംവരണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പോലീസ് ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടി. നവാഡയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. ഇവിടെനിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമം അഴിച്ചുവിടുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങളും വിളിക്കുന്നതും കാണാം. മുസഫര്‍പുരിലെ ഹൈവേയും ബക്സറിലെ റെയില്‍പ്പാളവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

Signature-ad

പട്‌നയില്‍ രാജധാനി എക്‌സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പാസഞ്ചര്‍ തീവണ്ടികള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്‌നിന് തീവെയ്ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. അഗ്‌നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും യുവാക്കള്‍ തെരുവില്‍ ഇറങ്ങി. ദേശീയ പാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അറായിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

മുന്‍ഗറിലെ സഫിയാബാദില്‍ പ്രതിഷേധക്കാര്‍ പട്ന-ഭഗല്‍പൂര്‍ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കില്‍ നൂറുകണക്കിന് യുവാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്.

അതേസമയം, അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറയുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നയം വ്യക്തമാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. സേനയില്‍ നിശ്ചിത കാലം തൊഴില്‍ പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ തുറന്നുകിട്ടുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് സമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

Back to top button
error: