NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ന് കേരളത്തിൽ

തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കേരളത്തിലെത്തും.വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.ഇതിനു പുറമെ കൊല്ലം റെയില്‍വേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനോട് ചേര്‍ന്നുള്ള ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊല്ലം, എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ 400 കോടിയുടെ പദ്ധതികളും ഹാര്‍ബര്‍ ടെര്‍മിനസില്‍ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. ചിങ്ങവനം-കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നടത്തും.
പ്രധാനമന്ത്രി നേരെ തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതിനാല്‍ സന്ദര്‍ശനത്തിന് മറ്റൊരു രാഷ്ട്രീയ മാനം കൂടി ഉണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കും. പ്രവാചക നിന്ദ വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സൗഹൃദം തിരികെ പിടിക്കാനും ദൃഢമാക്കാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രിസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ ആലോചനയുണ്ട്.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം ഉണ്ട്. ആ അമര്‍ഷം തണുപ്പിക്കാനും ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 29 ആണ്. ജൂലൈ 18നാണ് തെരെഞ്ഞടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണല്‍. പ്രസിഡന്റിനെ തെരെഞ്ഞടുക്കാനായി എംപിമാരും എംഎ‍ല്‍എ മാരും ഉള്‍പ്പെടെ 4809 വോട്ടര്‍മാരാണുള്ളത്.നിലവിലെ പ്രസിഡന്റ് രാനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് കഴിയും.ഈ അവസരത്തിൽ പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്.

Back to top button
error: