പോറ്റിയെ കയറ്റിയത് ഉന്നതനായ കോണ്‍ഗ്രസ് നേതാവ്; പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നു; പീഠം തെരഞ്ഞെുപോയ വിജിലന്‍സ് അവിടെ നിര്‍ത്തിയില്ല; തെറ്റു ചെയ്തവരോട് സര്‍ക്കാരിന് ദാക്ഷിണ്യമില്ല: പിണറായി വിജയന്

പത്തനംതിട്ട: ഉണ്ണിക്കൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഉന്നതനായ കോണ്‍ഗ്രസ് ദേശീയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘പോറ്റിയെ ശബരിമലയില്‍ കയറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നാണ് പ്രചാരണം. പോറ്റി കയറിയത് 2004ലാണ്. അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോണ്‍ഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ഉണ്ടാകുന്നത്. ഇതെല്ലാം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭയിലെ ചര്‍ച്ചയില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത് ‘മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല അയ്യപ്പ സംഗമത്തിനു തൊട്ടു മുന്‍പാണ് ശബരിമലയിലെ പീഠം സംബന്ധിച്ച ആരോപണവുമായി ഉണ്ണിക്കൃഷ്ണന് പോറ്റി രംഗത്തുവന്നത്. അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് അങ്ങനെ ചെയ്തത്. വിജിലന്‍സ് അന്വേഷിച്ചു. പീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. വിജിലന്‍സും പൊലീസും അവിടെ നിര്‍ത്തിയില്ല. മറവിലുള്ള കുറ്റവാളികളെ പിടികൂടി. ആര് എന്നത് പ്രശ്നമല്ല. തെറ്റു ചെയ്തവരോട് സര്‍ക്കാരിനു ദാക്ഷണ്യമില്ല. ഒരു ബാഹ്യശക്തിയും അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്. കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ല.
എയിംസ് അടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്തിന് അനുവദിക്കാത്തതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നേതാക്കളുടെ സംസാരം കേട്ടാല്‍ ഇപ്പോള്‍ പദ്ധതി കിട്ടുമെന്നു തോന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അടുത്ത ബജറ്റ് പ്രഖ്യാപനത്തില്‍ കാണില്ല. ഇത്തവണയും കേന്ദ്ര ആരോഗ്യമന്ത്രിയെ നഡ്ഡയെ കണ്ടു. കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തില്‍ ഏത് പദ്ധതി വന്നാലും കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കും. ബിജെപിയുടെ ബി ടീം ആയി കോണ്‍ഗ്രസ് മാറി. ഏത് അതിവേഗ റെയില്‍ പദ്ധതിയായാലും കേരളത്തിനു പ്രശ്നമല്ല. പദ്ധതി നടപ്പിലായാല്‍ മതി. പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






