LIFESocial Media

നയന്‍താര- വിഘ്‌നേഷ് വിവാഹം നെറ്റ് ഫ്‌ളിക്‌സില്‍; സംവിധാനം ഗൗതം മേനോനെന്നും റിപ്പോര്‍ട്ട്?

ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയതാരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷിന്‍െ്‌റയും വിവാഹം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഒ.ടി.ടി. രംഗത്തെ ഭീമനായ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഗൗതം മേനോന്‍

ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

Signature-ad

തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും അറിയിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

പുതിയകാലത്ത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എപ്പോഴും ആഘോഷമാക്കാറുള്ള ഒന്നാണ് താര വിവാഹങ്ങള്‍. ആ വേദികളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ട്രെന്‍ഡിങ് ആവാറുമുണ്ട്. ഇവയോടുള്ള പൊതുജനത്തിന്റെ വലിയ താല്‍പര്യം മനസിലാക്കി വിവാഹ വീഡിയോ വന്‍ തുക നല്‍കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ രംഗത്തെത്തിയത് സമീപകാലത്താണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Back to top button
error: