പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരളാ പൊലീസ്. തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കാനാണ് തീരുമാനം. ക്യാമ്പുകളില്‍ ഇതിന് സൗകര്യമൊരുക്കും. തോക്ക് പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.
ആയുധ പരിശീലനത്തിനായി പൊലീസ് വകുപ്പ് സിലബസ് തയ്യാറാക്കിയിട്ടുണ്ട്. ലൈസന്‍സ് ഉള്ളവര്‍ക്ക് തോക്ക് കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ലെന്ന വിലയിരുത്തലിലാണ് നടപടി. ലൈസന്‍സുള്ളവര്‍ക്കാണ് തോക്ക് പരിശീലനം നല്‍കുക. പൊലീസിന്റെ എ ആര്‍ ക്യാമ്പുകളിലാണ് പരിശീലനം നടക്കുക. ലൈസന്‍സുള്ളവര്‍ക്ക് തോക്ക് പരിശീലനം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡിജിപി അനില്‍ കാന്ത് ഉത്തരവിറക്കിയിരിക്കുന്നത്.
തോക്ക് ലൈസന്‍സുള്ള സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ലൈസന്‍സുണ്ടായിട്ടും തോക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നും പരിശീലനം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശീലനം നല്‍കാനുള്ള നീക്കം.