അതു ഫേക്ക് അക്കൗണ്ട് ആണോ എന്നുപോലും അറിയില്ല; ഫെന്നി നൈനാന്റെ ആരോപണങ്ങളെ സ്ക്രീന്‍ ഷോട്ട് പുറത്തുവിട്ട് പൊളിച്ച് റിനി; ‘ഒരാളെയും താന്‍ അങ്ങോട്ടു ബന്ധപ്പെട്ടിട്ടില്ല, നിയമ നടപടി പിന്നാലെ’

കൊച്ചി: താന്‍ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച്, ഫെന്നി നൈനാനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി റിനി ആന്‍. ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് തനിക്ക് മെസേജ് വന്നതെന്നും അത് പുരുഷന് ആണോ സ്ത്രീ ആണോ എന്ന് പോലും അറിയില്ലെന്നും സ്ക്രീന്‍ ഷോട്ടുള്‍പ്പടെ പങ്കുവെച്ച് അവര്‍ വിശദീകരിക്കുന്നു.
അതിജീവിതയെ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കള്‍ പറഞ്ഞ കാര്യത്തെ ഞാന്‍ പരിപൂര്‍ണമായി നിഷേധിച്ചത്. ആരോ ഒരാള്‍ ഏതോ ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷന് ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതല്‍ ഡീറ്റെയില്‍സ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാന്‍ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാന്‍ പറ്റില്ല നിങ്ങള്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങള്‍ വിളിക്കു എന്ന്. അ
തിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോള്‍ ഈ വിഷയം വന്നപ്പോള്‍ ഞാന്‍ ഇത് എന്റെ ഇന്‍സ്റ്റയില്‍ നോക്കിയപ്പോള്‍ അവര്‍ അയച്ചിരിക്കുന്ന സന്ദേശങ്ങള്‍ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല.
ഈ വിഷയത്തില്‍ ഞാന്‍ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായും ഞാന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. അത് താങ്കള്‍ക്ക് എതിരെ അല്ല, എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാന്‍ എല്ലാ കാര്യത്തിലും സത്യസന്ധത പുലര്‍ത്തുന്ന ആളാണ്. സത്യം ആണെങ്കില്‍ സത്യം ആണെന്ന് പറയാന്‍ ഒട്ടും ഭയമില്ല. റിനി ആന്‍ വ്യക്തമാക്കുന്നു.
ഇന്നലെയാണ് റിനിക്കെതിരെ ആരോപണം ഉന്നയിച്ച് ഫെനി നൈനാന് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. രാഹുലിനെതിരെ പരാതി നല്കിയ മൂന്നാമത്തെ യുവതിയെ റിനി ആന്‍ ജോര്‍ജ് 2025 ഓഗസ്റ്റില്‍ തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് പരാതിക്കാരി തന്നോട് ചാറ്റില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഫെനി ആരോപിച്ചത്. കേസുകളുടെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാമെന്നും ഫെനി പറയുന്നു.






