രാഹുലിലെ ഉന്നംവച്ച് പീയൂഷ് ഗോയൽ; ‘മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് യുഎസുമായുള്ള മികവുറ്റ കരാറിന് വഴിയൊരുക്കിയത്; മറ്റ് രാജ്യങ്ങൾക്ക് കിട്ടാത്ത ആനുകൂല്യങ്ങളാണ് ഇന്ത്യയ്ക്കിത് സമ്മാനിക്കുന്നത്; പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേട്’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ച ഒരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വൻ ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഈ വലിയ കരാർ അവസരങ്ങൾ തുറന്നുകൊടുക്കും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ ചർച്ചകളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
‘തിരിച്ചറിവില്ലാതെ പ്രതിപക്ഷം പാർലമെൻ്റിൽ കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, ഡിഎംകെ, ടിസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിൻ്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി വന്നതിൽ ഖേദമുണ്ട്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.






