CrimeNEWS

സ്ഥിരം കുറ്റവാളി’യെന്ന് റിപ്പോര്‍ട്ട്, അര്‍ജുന്‍ ആയങ്കിയെ നാടുകടത്തും; കാപ്പ ചുമത്തി പോലീസ്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ അര്‍ജുന്‍ ആയങ്കിക്ക് സാധിക്കില്ല. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി.

ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിപിഎം ലീഗ്, സിപിഎം ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജ്ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേര്‍ന്നു. ഗള്‍ഫിലും കേരളത്തിലുടനീളവും അര്‍ജുന്‍ ആയങ്കി നെറ്റ് വര്‍ക്ക് ഉണ്ടാക്കി. കരിപ്പൂരില്‍ ഇങ്ങനെയൊരു ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്റെ പിടിയിലായത്. 2021 ജൂണ്‍ 28 അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് ആദ്യം ഡിവൈഎഫ്‌ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കമ്മീഷണര്‍ ശുപാര്‍ശ നല്‍കുന്നത്.

Signature-ad

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ഉള്‍പെട്ട അര്‍ജുന്‍ ആയങ്കി നേരത്തേയും നിരവധി സ്വര്‍ണ്ണക്കടത്ത് പൊട്ടിക്കല്‍ നടത്തിയതിന്റെ തെളിവുകള്‍ കിട്ടിയെന്ന് കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയും ടിപി വധക്കേസ് പ്രതികളും പാര്‍ട്ടിയെ മറയാക്കി നടത്തിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ സിപിഎം ഇവരെ ഒറ്റപ്പെടുത്താന്‍ മാസങ്ങള്‍ നീണ്ട പ്രചാരണമാണ് കണ്ണൂര്‍ ജില്ലയില്‍ നടത്തിയത്.

2021 ജൂണ്‍ 21 ന് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് ചുവന്ന സ്വിഫ്റ്റ് കാറില്‍ കാത്തുനിന്നയാളാണ് അര്‍ജുന്‍ ആയങ്കി. രാത്രികാലങ്ങളില്‍ സ്വര്‍ണ്ണം കടത്തുകയും മറ്റ് ക്യാരിയര്‍മാരെ അക്രമിച്ചും സ്വാധീനിച്ചും സ്വര്‍ണ്ണം കൈക്കലാക്കുകയും ചെയ്യുന്ന കുറ്റവാളിയാണ്. കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ ഇതിന് മുമ്പ് പലതവണ സ്വര്‍ണ്ണം പൊട്ടിക്കല്‍ ക്വട്ടേഷന്‍ അര്‍ജുന്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

സിപിഎമ്മിനെ കവചമാക്കി ഇവര്‍ ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി ശുദ്ധീകരണം തുടങ്ങി. ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനം വിളിച്ച് അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം 20ലേറെ വരുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പേരടക്കം പുറത്തുവിട്ടു. ജില്ലയിലെ മൂവായിരത്തി എണ്ണൂറ്റി ഒന്ന് കേന്ദ്രങ്ങളില്‍ പ്രചാരണവും നടത്തി. അപ്പോഴും ആകാശ് തില്ലങ്കേരി ഉള്‍പെടെയുള്ളവര്‍ സ്വന്തം നിലയില്‍ പാര്‍ട്ടി പ്രചാരണം ഫേസ്ബുക്കില്‍ തുടര്‍ന്നു.
നേരത്തെ ഡിവൈഎഫ്ഐ നേതാക്കളുമായി അര്‍ജുന്‍ ആയങ്കി കൊമ്പുകോര്‍ത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി.ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടില്ലെന്നും ഭീഷണി വേണ്ടെന്നും ഡി.വൈ.എഫ്.ഐ നേതാവ് മനുതോമസ് പ്രതികരിച്ചിരുന്നു. എന്നാല്‍ അനാവശ്യമായി ദ്രോഹിച്ചാല്‍ പലതും തുറന്ന് പറയാന്‍ ഞാനും നിര്‍ബന്ധിക്കപ്പെടുമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നിരുന്നു. ഏറ്റവുമൊടുവില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം.

Back to top button
error: