ശ്രീനഗർ: ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത നേതാവിനെ ജമ്മു കശ്മീരിൽ വധിച്ചു. അനന്ത്നാഗ് ജില്ലയിലെ റിഷിപോറ മേഖലയിൽ ഇന്നലെ രാത്രി നടത്തിയ ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കും ഒരു നാട്ടുകാരനും പരുക്കേറ്റു. നിസാർ ഖണ്ഡെ എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഇയാളിൽനിന്ന് ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പരുക്കേറ്റവരെ 92 ബേസ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെന്ന് ജമ്മു കശ്മീർ പൊലീസ് വക്താവ് അറിയിച്ചു.
അതേസമയം, കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടു നടത്തുന്ന ആക്രമണത്തിനുപിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച നോർത്ത് ബ്ലോക്കിൽ നടന്ന നിരവധി കൂടിക്കാഴ്ചകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ നിലപാട് എടുത്തത്.
‘കശ്മീരിലെ അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. എന്നാല്‍ അതു ജിഹാദ് അല്ല. നിരാശയിലായ ചിലരുടെ ചെയ്തികൾ മാത്രമാണ്’ – മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. മാത്രമല്ല, കശ്മീർ താഴ്വരയിൽ താലിബാന്റെ സാന്നിധ്യത്തിന് തെളിവില്ലെന്നും അമിത് ഷായോട് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഈ ആഴ്ചയാദ്യം താലിബാനുമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിലെത്തി ചർച്ച തുടങ്ങിയിരുന്നു.