പൂരത്തിന്റെ നിറപ്പകിട്ടുകൾ അണിയറയിൽ തയ്യാർ. ചമയപ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന്. ചൊവ്വാഴ്ചയാണ് പൂരം. സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴിന് ആരംഭിക്കും. പാറമേക്കാവാണ് വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. ഏഴരയോടെ തിരുവമ്പാടിയും തിരികൊളുത്തും.
രാവിലെതന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനം ആരംഭിക്കും. പാറമേക്കാവിന്റെ ചമയപ്രദർശനം രാവിലെ 10-ന് അഗ്രശാലയിൽ സുരേഷ് ഗോപിയും തിരുവമ്പാടിയുടെ പ്രദർശനം കൗസ്തുഭം ഹാളിൽ 10-ന് മന്ത്രി കെ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ ചമയപ്രദർശനം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. പൂരം ഒരുക്കത്തിന് പരമാവധി മുറുക്കം കൈവന്ന ദിവസവുമായിരുന്നു ഇന്നലെ.
പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തിങ്കളാഴ്ച തുറക്കും. പതിനൊന്നരയോടെ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി എത്തിയാണ് തെക്കേഗോപുരനട തുറന്നിടുക. പൂരദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ ഘടകപൂരങ്ങൾ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം അരങ്ങേറും. ബുധനാഴ്ച രാവിലെയാണ് പകൽപ്പൂരം. തുടർന്ന് നടക്കുന്ന ഉപചാരം ചൊല്ലലോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.
വെടിക്കെട്ടിൽ തിരുവമ്പാടി വിഭാഗത്തിന് നേതൃത്വം നൽകുന്നത് ഷീന സുരേഷ് ആണ്. ആദ്യമായാണ് ഒരു വനിത വെടിക്കെട്ടിന്റെ മുൻനിരയിലെത്തുന്നത്.
നിറങ്ങളുടെ തേരോട്ടം കാണാൻ ഇന്ന് തേക്കിൻകാട്ടിലെത്തിയാൽ മതി. അസ്സൽ പോരാട്ടത്തിനു മുന്നേ ആകാശത്തൊരു ചെറുപോരാട്ടം. ‘ആകാശപ്പുകയും’ കുഴിമിന്നലും അമിട്ടും കൊണ്ട് തിരുവമ്പാടിയും പാറമേക്കാവും മാനത്ത് വർണോത്സവം ഒരുക്കും.
അമിട്ടുകളിൽ പല വൈവിധ്യങ്ങൾ. മുകളിൽ പോയി കറങ്ങുന്നതും നിറങ്ങൾ വിതറുന്നതുമെല്ലാം ഇതിലുണ്ട്. ഫ്ളാഷ്, കാർണിവൽ, ഡോൾബി, ബട്ടർഫ്ളൈ എന്നിങ്ങനെ പല പേരുകളാണ് ഇവയ്ക്ക്. ആകാശപ്പുക എന്നൊരിനമാണ് ഇത്തവണ തിരുവമ്പാടി പുതുതായി ഇറക്കുന്നത്. പലവർണങ്ങളിൽ പുക വിതറുന്ന ഇനമാണിത്.
മൂളിശബ്ദത്തോടെ ഉയർന്നുപൊങ്ങുന്ന അമിട്ടുൾപ്പെടെ പാറമേക്കാവും കരുതിവെച്ചിട്ടുണ്ട്. പടക്കം, കുഴിമിന്നൽ, അമിട്ട് എന്ന ക്രമത്തിലാണ് സാമ്പിൾ മുന്നേറുക. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് പൂർത്തിയായാലും അമിട്ട് പിന്നെയും പൊട്ടും. ആകാശത്ത് നിറങ്ങൾ വിതറുന്ന ദൃശ്യങ്ങൾ കാണാനും ആസ്വദിക്കാനും ആയിരങ്ങൾ കാത്തിരിക്കുന്നു. ഇത്തവണ പല അത്ഭുതങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ.
ഷീനയുടെ ചരിത്രനിയോഗം
ഇത്തവണ പൂരം വെടിക്കെട്ടിൽ തിരുവമ്പാടി വിഭാഗത്തിന് നേതൃത്വം നൽകുന്നത് ഷീന സുരേഷ് ആണ്. ആദ്യമായാണ് ഒരു വനിത വെടിക്കെട്ടിന്റെ മുൻനിരയിലെത്തുന്നത്. ഭർത്താവ് കുണ്ടന്നൂർ തെക്കേക്കര പന്തലങ്ങാട്ടിൽ പി.കെ സുരേഷ് 2012 മുതൽ ഈ രംഗത്തുണ്ട്. സാമ്പിളിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഇന്നലെയും വെടിക്കെട്ടുപുരയിലുണ്ടായിരുന്നു ഷീന. സാമ്പിൾ ഉഷാറാക്കാനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു ഇവർ.
പാറമേക്കാവിൽ വർഗീസ്
വെള്ളിക്കുളങ്ങര സ്വദേശി പി.സി വർഗീസാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് നേതൃത്വം നൽകുന്നത്. ആദ്യമായാണ് ഇദ്ദേഹം ഈ ചുമതല ഏറ്റെടുക്കുന്നത്. വർഗീസിന്റെ ബന്ധുവായ സ്റ്റിബിൻ സ്റ്റീഫൻ രണ്ടുവർഷം തിരുവമ്പാടി വെടിക്കെട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു.
സാംപിൾ വെടിക്കെട്ട് അടുത്തുനിന്നു കാണാമെന്ന ആശ നടപ്പാകില്ല. സാംപിൾ വെടിക്കെട്ടു നടക്കുന്ന സമയത്തു സ്വരാജ് റൗണ്ടിൽ നിയന്ത്രിത പ്രവേശനം മാത്രം അനുവദിക്കാനാണു പൊലീസ് തീരുമാനം. നെഹ്റു പാർക്കിന്റെ മുൻഭാഗം മുതൽ ഇന്ത്യൻ കോഫി ഹൗസിന്റെ മുൻഭാഗം വരെയുള്ള മേഖലയിൽ മാത്രമേ സ്വരാജ് റൗണ്ടിൽ കാണികളെ നിർത്താൻ അനുവദിക്കൂ.മറ്റു ഭാഗങ്ങളിൽ സ്വരാജ് റൗണ്ടിലേക്കു പ്രവേശിക്കാനുള്ള റോഡുകളിൽ കാണികൾക്കു നിൽക്കാം. ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലം നിർബന്ധമാക്കിയതാണു നിയന്ത്രണത്തിനു കാരണം.