മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന് പതാക ഉയര്‍ത്തുന്നതോടെ നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും.നാനൂറോളം പ്രതിനിധികളും 23 നിരീക്ഷകരും 86 സംസ്ഥാന സമിതിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പതാകയുയര്‍ത്തിയതിനു ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, സമ്മേളന നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്, രക്തസാക്ഷി പ്രമേയാവതരണം എന്നിവ നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് നവകേരള നയരേഖ അവതരിപ്പിക്കും.
പിന്നീട് ചര്‍ച്ചകളാണ്. ഇന്നും നാളെയുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും വ്യാഴാഴ്ച നയരേഖയിലുള്ള ചര്‍ച്ചയും നടക്കും. നാലിനാണ് സംസ്ഥാന സമിതിയംഗങ്ങളുടെയും പുതിയ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിനു തിരശീല വീഴും.