HealthLIFE

മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമോ?

മുഖക്കുരു മുതൽ മൂലക്കുരു വരെ നൊടിയിടയിൽ ചികിത്സിച്ചു ഭേദപ്പെടുത്തുന്ന ഒരുപാട് വൈദ്യൻമാരെയും ഗൂഗിൾ ഡോക്ടർമാരെയും ഇന്ന് നമുക്ക് കാണാൻ സാധിക്കും.മാധ്യമങ്ങളുടെ പേജുകളിലും വെബ്പോർട്ടലുകളിലും വരെ ഇന്ന് ഏറ്റവും കൂടുതൽ കാണുന്നതും ഇത്തരം ചികിത്സയുടെ വാർത്തകളാണ്.ഇത്തരത്തിൽ ഒന്നാണ് മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയും എന്നത്.ഡോ. ജോജോ വി ജോസഫ്, കാൻസർ സർജൻ  (കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട്) ഇതിന് മറുപടി പറയുന്നു.
ഒരുപാട് ആളുകൾ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ‘മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ’ എന്നത്. കാൻസർ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ മഞ്ഞളിന്റെ ഈ ഗുണത്തെ  അംഗീകരിക്കുന്നില്ല. കീമോതെറാപ്പിക്കു പകരം മഞ്ഞൾ വെള്ളം ഉപയോഗിച്ചാൽ മതിയെന്നുള്ള മുറിവൈദ്യന്മാരുടെ തെറ്റായ പ്രചാരണം വിദ്യാസമ്പന്നർ പോലും വിശ്വസിക്കുന്ന കാലമാണിത്.
മഞ്ഞൾ വെള്ളം നാച്ചുറൽ അല്ലേ?
അടിമാലിയിൽ നിന്ന് കാൻസർ രോഗത്തിന് ചികിത്സിക്കാൻ വന്നതായിരുന്നു അമ്മിണിയമ്മ. കാഴ്ചയിൽ ആരോഗ്യവതിയായ അമ്മിണിയമ്മക്ക് സ്റ്റേജ് ത്രീ ബ്രെസ്റ്റ് കാൻസർ ആണ്. വിജയകരമായി തന്നെ അമ്മിണിയമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞു. തുടർന്ന് കീമോതെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്.
തിരികെ വീട്ടിലെത്തിയ അമ്മിണിയമ്മയെ ഉപദേശിക്കാൻ ധാരാളം ബന്ധുക്കളും അയൽക്കാരും എത്തി. കാൻസർ രോഗം വന്നാൽ നിലവിലുള്ള ചികിത്സാരീതികൾ കൊണ്ട് പ്രയോജനമില്ല എന്നായിരുന്നു അവരുടെ വാദം. എന്നാൽ ഒരു മാസത്തിനു ശേഷം അമ്മിണിയമ്മയുടെ, വിദേശത്ത് ജോലി ചെയ്യുന്ന മകൾ നാട്ടിൽ വരികയും ഡോക്ടറെ വന്ന് കാണുകയും ചെയ്തു. എന്നും രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിച്ചാൽ മതി; കാൻസർ രോഗം മാറുമെന്നും പലർക്കും അങ്ങനെ രോഗം ഭേദമായിട്ടുണ്ടെന്നും പലരും അവരോട് പറഞ്ഞതായി മകൾ വ്യക്തമാക്കി. അമ്മിണിയമ്മ ഇപ്പോൾ ആ ചികിത്സാരീതി പരീക്ഷിക്കുകയാണെന്നും മകൾ പറഞ്ഞു. നൂറ് ശതമാനവും കാൻസർ രോഗം സുഖപ്പെടും എന്ന വിശ്വാസത്തിലാണ് അമ്മിണിയമ്മ മഞ്ഞൾ ചികിത്സ നടത്തിയത്.
അപ്പോഴാണ് ഡോക്ടർ മറ്റൊരു കാര്യം ഓർക്കുന്നത്. ഒരിക്കൽ അമ്മിണിയമ്മ തന്നെ വന്ന് കണ്ടപ്പോൾ ‘ചികിത്സിച്ചാൽ തന്റെ രോഗം ഭേദമാകുമോയെന്ന് ഉറപ്പുണ്ടോ’ എന്ന് ചോദിച്ചു. 70 ശതമാനവും സുഖപ്പെടാനാണ് സാധ്യതയെന്നും എന്നാൽ 100 ശതമാനം എന്നു പറയാൻ കഴിയില്ലായെന്നും ഡോക്ടർ വ്യക്തമാക്കി. ഡോക്ടറിന്റെ ഈ മറുപടിയായിരുന്നു അമ്മിണിയമ്മയെ മഞ്ഞൾ ചികിത്സയിൽ കൊണ്ടെത്തിച്ചത്.
അമ്മയെയും കൂട്ടി വരാൻ പറഞ്ഞുകൊണ്ട് ഡോക്ടർ ആ മകളെ യാത്രായാക്കി. തുടർന്ന് മകൾ അമ്മിണിയമ്മയെയും കൂട്ടി ഡോക്ടറെ കാണാൻ വന്നു. അവർ ഒരുമിച്ച് ചികിത്സയുടെ കാര്യങ്ങൾ സംസാരിച്ചു. മഞ്ഞൾ നാച്ചുറൽ ആണെന്നും അതിൽ ദൂഷ്യവശങ്ങൾ ഇല്ലെന്നും കീടനാശിനികൾ ഒന്നും ഉപയോഗിക്കാതെ ഭൂമിയുടെ അടിയിൽ വളരുന്നതാണെന്നുമൊക്കെ അമ്മിണിയമ്മ പറഞ്ഞു. ശേഷം മഞ്ഞളിനെക്കുറിച്ചുള്ള ശരിയായ കാര്യങ്ങൾ ഡോക്ടർ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെ തുടർചികിത്സക്കു വരാമെന്നു സമ്മതിച്ചാണ് അന്ന് ഹോസ്പിറ്റലിൽ നിന്നു പോയത്. ഇത് ഏകദേശം അഞ്ച് വർഷങ്ങൾക്കു മുമ്പ് നടന്നതാണ്. ഇപ്പോഴും അമ്മിണിയമ്മ ചികിത്സക്കായി ഹോസ്പിറ്റലിൽ വരുന്നുണ്ട്.
എന്താണ് മഞ്ഞൾ? അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ?
‘കുർകുമാ ലോങ്ങാ’ എന്ന ഇനത്തിൽപ്പെട്ട ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ഏറ്റവും കൂടുതൽ ഉത്പാദിക്കപ്പെടുന്നത് തെക്കേ കിഴക്കൻ ഏഷ്യയിലാണ്. എന്നാൽ തെക്കേ ഇന്ത്യയിലാണ് ഏറ്റവും ഗുണമേന്മയുള്ള മഞ്ഞൾ ഉത്പാദിപ്പിക്കപ്പെടുന്നത്. പലപ്പോഴും ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞളിനെക്കാൾ കൂടുതൽ മഞ്ഞൾ മാർക്കറ്റുകളിൽ വില്കപ്പെടുന്നുണ്ട്.
മഞ്ഞളിലെ ഏറ്റവും സജീവമായ ഘടകമാണ് കുർകുമിൻ. കുർകുമിന് ഒരുപാട്  ഔഷധഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.  കുർകുമിന് കാൻസർ പ്രതിരോധ ഗുണങ്ങളും അതുപോലെ ശരീരത്തിൽ വീക്കം ഉണ്ടാവുന്നതു തടയാനും സാധിക്കുമെന്ന് പല ലാബ് ടെസ്റ്റുകളിലും തെളിഞ്ഞിട്ടുണ്ട്.  എന്നാൽ ഇത് കൂടിയ തോതിൽ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ ഈ ഘടകത്തിന് ഒരു ഔഷധമായി പ്രവർത്തിക്കാൻ സാധിക്കൂ. പക്ഷേ, ഒരു നിശ്ചിത അളവിൽ കൂടുതൽ ഇത് ശരീരത്തിലെത്തിയാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്.
മഞ്ഞൾ എപ്പോഴും പൊടിയായിട്ടാണ് നമ്മൾ ഉപയോഗിക്കുക. ഒരുപാട് രാസപദാർത്ഥങ്ങൾ ചേർന്ന മഞ്ഞൾപൊടിയാണ് നമുക്ക് വിപണിയിൽ നിന്നും ലഭിക്കുന്നത്. ചില വിദേശരാജ്യങ്ങൾ മഞ്ഞൾപൊടിയുടെ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്നില്ല; കാരണം അതിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ തന്നെ. വിപണിയിലെത്തുന്ന മഞ്ഞൾ പൊടിയിൽ കൂടുതലായും ഉള്ളത് കപ്പപ്പൊടിയും ആട്ടയുമാണ്.
മഞ്ഞൾ പൊടിയിൽ കളറിനായി  ‘മെറ്റാനിൻ യെല്ലോ’ എന്ന ഒരു ഘടകം ഉപയോഗിക്കുന്നുണ്ട്. ഇത് ധാരാളമായി ശരീരത്തിലെത്തിയാൽ നാഡീവ്യൂഹത്തിന് പ്രശ്നങ്ങളുണ്ടാകും. അതുപോലെ തന്നെ മഞ്ഞൾ  പൊടിയാക്കുമ്പോൾ അതിൽ ഈയത്തിന്റെയും അംശം കൂടും.
ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ മഞ്ഞൾ അമിതമായി കഴിച്ചാൽ അത് ഉദരസ്ഥശിശുവിനും അമ്മക്കും ഹാനികരമാണ്. അമിതമായ മഞ്ഞൾ ഉപയോഗം പിത്താശയ പ്രശ്നങ്ങൾക്കും കാരണമാകും. മഞ്ഞളിൽ ഓക്സലേറ്റ് എന്ന ഘടകമുള്ളതിനാൽ വൃക്കയിൽ കല്ല് രൂപപ്പെടാൻ അമിതമായ മഞ്ഞൾ ഉപയോഗം വഴിതെളിക്കും.
നമ്മുടെ ശരീരത്തിലെ രക്തം കട്ട പിടിക്കാനുള്ള കഴിവിനെ, മഞ്ഞളിന്റെ ഉപയോഗം കുറക്കുന്നതിനാൽ, ആസ്പിരിൻ പോലുള്ള മരുന്ന് ഉപയോഗിക്കുന്നവരിൽ ഇത് രക്തസ്രാവത്തിനു കാരണമാകും. അതുപോലെ ഡയബറ്റിക് രോഗമുള്ളവരിൽ ഇത് പഞ്ചസാരയുടെ അളവിനും വ്യത്യാസമുണ്ടാക്കും. ചില ആളുകളിൽ ഇത് ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറച്ച് അനീമിയ പോലുള്ള രോഗങ്ങൾക്കും കാരണമാകാം.
മഞ്ഞൾ ഉപയോഗിച്ച് എവിടെയെങ്കിലും കാൻസർ ചികിത്സ നടത്തുന്നുണ്ടോ?
മഞ്ഞൾ ഉപയോഗിച്ച് ഒരിടത്തും ഇതുവരെയും കാൻസർ ചികിത്സ നടത്തിയിട്ടില്ല. മഞ്ഞളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കുർകുമിൻ ആണ്. കുർകുമിന് ചില ഔഷധഗുണങ്ങളുണ്ടെന്നത് 1850 -ൽ തന്നെ കണ്ടുപിടിച്ചതാണ്. ഇതിനെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇത്തരമൊരു പഠനത്തിൽ, കാൻസർ രോഗം ശരീരത്തിൽ വ്യാപിക്കുന്നതു തടയാൻ കുർകുമിന് സാധിക്കുമെന്ന് തെളിഞ്ഞിരുന്നു. എന്നാൽ പിന്നെ എന്തുകൊണ്ട് കുർകുമിൻ കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്നില്ല എന്നതായി പലരുടെയും ചോദ്യം.
അതിന് പല കാരണങ്ങളുണ്ട്. കുർകുമിൻ വളരെ എളുപ്പത്തിൽ വെള്ളത്തിൽ അലിയുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇത് എത്ര ഭക്ഷിച്ചാലും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനു പരിധിയുണ്ട്. ഇതുപോലെ വെള്ളത്തിൽ അലിയാത്ത ഒന്ന് ഇൻജെക്ഷൻ മുഖേനയോ ശരീരത്തിൽ എത്തിക്കാൻ സാധിക്കില്ല. അതുകൊണ്ട് മഞ്ഞളോ കുർകുമിനോ എത്ര ഭക്ഷിച്ചു എന്ന് പറഞ്ഞാലും ശരീരത്തിൽ ഏതേണ്ടത്ര അളവിൽ എത്തുന്നില്ല.  കുർകുമിൻ നല്ലൊരു ഔഷധമാണെന്നു പറഞ്ഞാലും അത് ശരീരത്തിൽ ഒരു നിശ്ചിത അളവിൽ എത്തുമ്പോൾ മാത്രമേ രോഗമുള്ള കോശങ്ങളെ നശിപ്പിക്കാൻ സാധിക്കത്തുള്ളൂ. രോഗശമനത്തിനാവശ്യമായ അളവിൽ ഇത് ശരീരത്തിൽ എത്തുന്നതിനെയാണ് ‘ബയോ അവൈലബിലിറ്റി’ എന്ന് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഡ്രഗ് ഡെലിവറി സിസ്റ്റം ഉപയോഗിക്കുന്നത്. അതായത് ഈ ഒരു പദാർത്ഥം മറ്റെന്തെങ്കിലും മരുന്നുമായി കലർത്തി, അല്ലെങ്കിൽ സിറപ്പ് രൂപത്തിൽ, അതുമല്ലെങ്കിൽ ഇൻഹേലർ ആയിട്ടൊക്കെയേ ഉപയോഗിക്കുന്ന പ്രക്രിയയാണിത്. ഒരു നിശ്ചിത അളവിൽ കൂടുതൽ ഇത് ശരീരത്തിൽ പ്രവേശിപ്പിക്കുന്നതും അപകടമാണ്. ശരീരത്തിൽ ചെറിയ അളവിൽ മാത്രം എത്തുന്ന കുർകുമിനെ വേഗത്തിൽ തന്നെ ശരീരം മെറ്റാബോളൈസ് ചെയ്യുകയും ഉപയോഗ്യശൂന്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യും. മഞ്ഞളിലെ സജീവ ഘടകമായ കുർകുമിൻ മൂത്രത്തിലൂടെയും മറ്റും വേഗത്തിൽ തന്നെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഒന്നുമാണ്. അതുകൊണ്ടു തന്നെ ഇത് രക്തത്തിൽ അധികനേരം നിലനിർത്താൻ സാധിക്കാത്തതിനാൽ ഇതിന്റെ ഔഷധഗുണം നമുക്ക് ലഭ്യമാകുന്നില്ല. അതുകൊണ്ടു തന്നെയാണ് കുർകുമിൻ കാൻസർ ചികിത്സക്കായി ഉപയോഗിക്കാത്തത്.
പത്തനംതിട്ടക്കാരനായ ഇഖ്‌ബാലിന് റെക്ടൽ കാൻസർ ആണ്. തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കാൻ സാധിച്ചതുകൊണ്ട് സർജറിക്ക്‌ ശേഷം  ‘കാര്യമായ ചികിത്സയൊന്നും വേണ്ടാ’ എന്നും ‘നിരീക്ഷണത്തിലിരുന്നാൽ മതി’ എന്നും ആറു മാസത്തിനു ശേഷം തുടർ ടെസ്റ്റുകൾക്കായി വരാനും ഡോക്ടർ പറഞ്ഞു. ആറു മാസത്തിനു ശേഷം വന്ന ഇഖ്‌ബാലിനെ കണ്ട ഡോക്ടർ ആദ്യമൊന്നു ഞെട്ടി. ഇഖ്‌ബാൽ വല്ലാതെ വിളറി മെലിഞ്ഞിരിക്കുന്നു. കാര്യമന്വേഷിച്ച ഡോക്ടറോട്, ‘ഭാര്യ എന്തിനും ഏതിനും അധികമായി മഞ്ഞൾ ഇട്ടാണ് തനിക്ക് നൽകുന്നത്’ എന്ന് ഇഖ്‌ബാൽ പറഞ്ഞു.
ഇഖ്‌ബാലിന് റെക്ടൽ കാൻസർ ആയതുകൊണ്ട് അത് മറ്റു ഭാഗങ്ങളിലേക്ക് പടരാൻ ചെറിയ രീതിയിൽ സാധ്യതുണ്ടെന്ന് ഡോക്ടർ നേരത്തെ എപ്പോഴോ പറഞ്ഞിരുന്നുവത്രേ. അതുകൊണ്ടാണ് ഭർത്താവിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭാര്യ നിരന്തരമായി മഞ്ഞൾ പ്രയോഗിച്ചുകൊണ്ടിരുന്നത്. അവരോടും ഡോക്ടർ മഞ്ഞളിന്റെ ഗുണദോഷങ്ങളെക്കുറിച്ച് വിശദമാക്കി. പിന്നീട് ആറു മാസം കഴിഞ്ഞു ഇഖ്‌ബാൽ വന്നപ്പോൾ വളരെ ആരോഗ്യവാനായിരുന്നു.
മഞ്ഞൾ ചികിത്സ
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒരു മഞ്ഞൾ റിസർച്ച് നടത്തിയിരുന്നു. അതിനെ പലരും, കാൻസറിന് പുതിയ മരുന്ന് കണ്ടുപിടിച്ചതായി റിപ്പോർട്ട് ചെയ്തു. എന്നാൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത് ഒരു ഡ്രഗ് ഡെലിവറി സിസ്റ്റം മാത്രമാണ്.
ഒരു മരുന്ന് ശരീരത്തിലേക്ക് നേരിട്ട് കൊടുക്കാൻ സാധ്യമല്ലെങ്കിൽ (ചിലപ്പോൾ ശരീരത്തിൽ അത് നേരിട്ട് എത്തിയാൽ അസ്വസ്ഥകൾ ഉണ്ടാകും) അത് മറ്റേതെങ്കിലുമൊരു ഏജന്റുമായി യോജിപ്പിച്ച് ശരീരത്തിലേക്ക് കടത്തിവിടും. ഈ പ്രക്രിയയെയാണ് ഡ്രഗ് ഡെലിവറി സിസ്റ്റം എന്നു പറയുന്നത്.
മഞ്ഞളിലെ ഘടകമായ കുർകുമിനെ ശരീരത്തിലെത്തിക്കാൻ അവർ വികസിപ്പിച്ചെടുത്ത ഒരു ഡ്രഗ് ഡെലിവറി സിസ്റ്റം മാത്രമാണ് മഞ്ഞൾ ചികിത്സ. അല്ലാതെ അത് കാൻസർ പ്രതിരോധിക്കാനുള്ള പുതിയ ചികിത്സാരീതിയല്ല.
മഞ്ഞൾ ചികിത്സക്ക് പേറ്റന്റ് കിട്ടിയല്ലോ!
ഒരിക്കൽ ഒരു അച്ഛനും മകളും മകളുടെ ഭർത്താവും കൂടി ഡോക്ടറെ കാണാൻ വന്നു. ഈ അച്ഛന് പാൻക്രിയാസിൽ കാൻസറാണ്. ചികിത്സകളെക്കുറിച്ചൊക്കെ അവരുമായി സംസാരിക്കുമ്പോൾ മകൾ ഡോക്ടറോട് ‘മഞ്ഞൾ കൊണ്ട് ചികിത്സാസാധ്യത ഉണ്ടോ’ എന്നു ചോദിച്ചു. ശ്രീചിത്രയിൽ ഇതുകൊണ്ടുള്ള മരുന്ന് വികസിപ്പിച്ചെടുത്തുവെന്ന് കേട്ടെന്നും ഇവിടെ ആ ചികിത്സാരീതിയില്ലേ എന്നും അവർ ചോദിച്ചു. അതിനെക്കുറിച്ച് അന്വേഷിച്ചു പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടി.
അങ്ങനെ അതിനെക്കുറിച്ച് പരതിയ ഡോക്ടർ, ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് ശ്രീചിത്ര പുറത്തുവിട്ട ഒരു വാർത്തയിൽ മഞ്ഞളിലെ ഘടകമായ കുർകുമിൻ കൊണ്ടുള്ള ചികിത്സാരീതി വികസിപ്പിക്കുന്നതിന് പേറ്റന്റ് കിട്ടിയെന്ന് കണ്ടു. ഈ വാർത്തയായിരുന്നു ആ കുട്ടിയുടെ സംശയത്തിന് കാരണം. ചിലപ്പോൾ അവർ വിചാരിച്ചിട്ടുണ്ടാവും പേറ്റന്റ് കിട്ടിയ ഒരു ചികിത്സാരീതി പോലും അറിയാത്ത ഒരു ഡോക്ടറാണല്ലോ ഇതെന്ന്.
ശ്രീചിത്രയിലെ മഞ്ഞൾ ചികിത്സയ്ക്ക് പേറ്റന്റ് കിട്ടിയ വാർത്ത പലരെയും സംശയിപ്പിച്ചു. ഈ ചികിത്സാരീതി ഫലവത്താണെന്ന് അംഗീകരിച്ചതു കൊണ്ടാണ് പേറ്റന്റ് കിട്ടിയത് എന്നാണ് പലരുടെയും ധാരണ. എന്നാൽ പേറ്റന്റ് നല്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ ഈ ആശയം മുന്നോട്ടു വച്ച വ്യക്തിക്ക് വാണിജ്യപരമായി ഇത് ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ലഭിക്കുന്നത്. അല്ലാതെ ഈ ആശയത്തിന്റെ പ്രായോഗികതയെയോ, ഫലപ്രാപ്തിയെയോ അടിസ്ഥാനപ്പെടുത്തിയല്ല.
ഗൂഗിൾ ഡോക്ടർ
എന്തെകിലുമൊരു പഴവർഗ്ഗത്തെക്കുറിച്ച് ഇന്റർനെറ്റിൽ പരതുകയാണെങ്കിൽ അതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ധാരാളം കുറിപ്പുകൾ ലഭിക്കും. അതുകൊണ്ടു തന്നെ അതൊരു മരുന്നായി നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്നും ആ ഘടകം ശരീരത്തിൽ ഉപയോഗിക്കാവുന്ന നിശ്ചിത അളവ് എന്താണെന്നുമൊക്കെ അറിഞ്ഞിട്ടു മാത്രമേ അത് ചികിത്സക്കായി ഉപയോഗിക്കാൻ സാധിക്കൂ. ശുദ്ധവെള്ളം പോലും അമിതമായി കുടിച്ചാൽ മരണം സംഭവിക്കുമെന്നുള്ളത് പലർക്കും അറിയില്ല.
കടപ്പാട്: ഡോ. ജോജോ വി ജോസഫ്, കാൻസർ സർജൻ  കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട്

Back to top button
error: