LIFENewsthen Special

അങ്ങനെ മലയാളികൾ അത് ‘ശവപ്പാട്ടാക്കി’

വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരനെ അധികമാരും അറിയാൻ വഴിയില്ല.പക്ഷെ അദ്ദേഹം കേരളത്തിൽ വച്ച് എഴുതിയ ഒരു പാട്ട് നമുക്കെല്ലാം സുപരിചിതമാണെന്ന് മാത്രമല്ല,21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു ഗാനം കൂടിയാണ് അത്.

  19-ാം നൂറ്റാണ്ടിലാണ് സംഭവം. മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്ദംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്നു വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ.യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് അദ്ദേഹം ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിന്നു.ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം. ” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു…”എന്നതായിരുന്നു ആ ഗാനം.
 ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറിയായിരുന്നു വോൾ ബ്രീച്ച് നാഗൽ.കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കി മലയാളത്തിൽ ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച ഒരാളുകൂടിയായിരുന്നു അദ്ദേഹം. പിന്നീട് ദീർഘകാലം വാണിയംങ്കുളത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമേഖല.പിന്നീട് ബാസൽ മിഷൻ ഫാക്ടറികളുടെ ചുമതലയേറ്റു. ഈ ചുമതലകൾ തന്റെ സുവിശേഷ പ്രവർത്തനത്തിന് വിലങ്ങുതടിയാവുമെന്നു കരുതിയ നാഗൽ സ്വതന്ത്രമായ സുവിശേഷ പ്രവർത്തനത്തിന്റെ വഴി തെരെഞ്ഞെടുത്ത് ബാസൽ മിഷനോട് എന്നന്നേക്കുമായി വിട പറഞ്ഞു.പിന്നീടുള്ള അദ്ദേഹത്തിന്റെ കർമ്മരംഗം തൃശ്ശൂരും പരിസര പ്രദേശങ്ങളുമായാരുന്നു. കുന്ദംകുളമായിരുന്നു ആസ്ഥാനം. അവിടേക്കുള്ള അന്നത്തെ യാത്രയിലാണ് ക്രൈസ്തവ ഭക്തിഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ “സമയമാം രഥത്തിൽ ” എന്ന ഗാനത്തിന്റെ പിറവി.
 ഈ ഗാനം ആദ്യമായി മലയാളികൾ കേൾക്കുന്നത് 1970-ൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ “അരനാഴികനേരം” എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലാണ്.നാഗൽ സായ്പ്പിന്റെ രചനയിലെ ചില വരികൾക്ക് അല്പ്പസ്വൽപ്പം മാറ്റം വരുത്തി വയലാർ രാമവർമ്മ “അരനാഴികനേര”ത്തിനു വേണ്ടി ആ ഗാനം ഉപയോഗിക്കുകയായിരുന്നു.സംഗീതം നൽകിയ ദേവരാജൻ മാസ്റ്ററാവട്ടെ അതിന് ഹൃദയസ്പർശിയായ ഈണവും നൽകി.രചിച്ച് 70 വർഷങ്ങൾക്കു ശേഷം ഇറങ്ങിയ അരനാഴികനേരം സിനിമയിലെ പ്രത്യേക സ്വിറ്റുവേഷനു വേണ്ടി ചുരുക്കിയാണ് ഈ ഗാനം സിനിമയിൽ ഉപയോഗിച്ചത്.സിനിമയിൽ വന്നതുകൊണ്ട് ആ ഗാനം പോപ്പുലറായി എന്നുപറയുന്നതാവാം ശരി.ഭാവ സാന്ദ്രമായ അന്തരീക്ഷത്തിൽ കത്തുന്ന മെഴുകുതിരികൾക്കു മുൻപിൽ കൈകൾ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും സ്ക്രീനിൽ പാടി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർ അത് ഏറ്റു പാടിയതായി ചരിത്രം.നാഗൽ സായ്പ് ഓർമ്മയായി.പക്ഷേ ആ ഗാനം ഇന്നും അനശ്വരമായി നിലകൊള്ളുന്നു.
പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളർന്നു.പക്ഷെ ഇപ്പോൾ കേരള ക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്താണ് ഈ പാട്ട് പാടാറെന്നു മാത്രം!

Back to top button
error: