കുട്ടനാട്ടിലും ചവറയിലും സ്ഥാനാർത്ഥികളെ തേടി മുന്നണികൾ ,കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ്,യുഡിഎഫിൽ ആശയക്കുഴപ്പം ,ചവറയിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ,എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ സുജിത്തോ മനോഹരനോ വന്നേക്കും ,വോട്ട് നിലനിർത്താൻ ബിജെപി
അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നു .തങ്ങളുടെ സിറ്റിംഗ് സീറ്റുകളിലാണ് മത്സരമെന്നത് എൽ ഡി എഫിനെയും കയ്യിലുണ്ടായിരുന്ന സീറ്റുകളാണിവ എന്നത് യു ഡി എഫിനെയും സമ്മർദ്ദത്തിൽ ആക്കുന്നു .ബിജെപിയാകട്ടെ കഴിഞ്ഞ തവണയിലെ വോട്ടുനേട്ടം ആവർത്തിക്കാൻ പറ്റുമോ എന്ന ആശങ്കയിലും .
കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ എൻസിപി നേരത്തെ തന്നെ പ്രഖ്യാപിച്ചു .തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേര് പ്രഖ്യാപിച്ചത് മന്ത്രി ശശീന്ദ്രൻ നേരിട്ടാണ് .പണി യുഡിഎഫിലാണ് .സീറ്റ് കേരളാ കോൺഗ്രസിന്റേതാണ് .ജോസ് കെ മാണി എവിടേക്കാണ് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല .എന്നാലും തങ്ങളുടെ അവകാശവാദം പി ജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു .ബിഡിജെഎസ് മത്സരിച്ച സീറ്റിൽ എൻ ഡി എ കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ച വച്ചിരുന്നു . എന്നാൽ സുഭാഷ് വാസു വെള്ളാപ്പള്ളി കുടുംബത്തിന്റെ ശത്രുപക്ഷത്താണ് ഇപ്പോൾ .ബിഡിജെഎസ് മത്സരിക്കുമോ എന്നതും വ്യക്തമല്ല .
ചവറയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചു കഴിഞ്ഞെന്ന് ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ ഡോ സുജിത്തോ ചവറ ഏരിയ സെക്രട്ടറി മനോഹരനൊ എൽഡിഎഫ് സ്ഥാനാർത്ഥിയായി വരും. കഴിഞ്ഞ തവണ പതിനായിരത്തോളം വോട്ട് പിടിച്ച ബിജെപി ഇത്തവണയും സുനിലിനെ തന്നെ പരീക്ഷിക്കാൻ ആണ് സാധ്യത.